എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള വീടുകള്‍ കൈമാറി; പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്ന് മുഖ്യമന്ത്രി; ചികിത്സയും ഉറപ്പുവരുത്തും

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ച 36 വീടുകളുടെ താക്കോലാണ് കൈമാറിയത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, സായിഗ്രാം അംബാസിഡര്‍ ജയസൂര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തീരാവേദനകള്‍ പേറുന്ന ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കും. ദുരിതബാധിതര്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്നു മനസ്സിലാക്കുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍ ഊര്‍ജിതമായി നടത്തുന്നതിനും ആവശ്യമായ ചികിത്സാ സഹായം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ മുന്നിലുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആകെ 108 വീടുകളാണ് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിക്കുന്നത്. ഇതില്‍ ബാക്കിയുള്ള 72 വീടുകളുടെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കും. ആകെ 15 ഏക്കര്‍ ഭൂമിയുടെ ഉപയോഗ അനുമതിയാണ് സര്‍ക്കാര്‍ ട്രസ്റ്റിന് നല്‍കിയത്.

കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍, പെരിയ, കിനാനൂര്‍, കരിന്തളം, എന്‍മകജെ എന്നീ പഞ്ചായത്തുകളിലാണ് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. ഇവിടെ മിനി ടൗണ്‍ഷിപ്പ് മാതൃകയില്‍ 108 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് നിര്‍മിക്കുന്നത്. വീടുകളോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക്, ആരോഗ്യ ക്ലിനിക്, ആംഫി തിയറ്റര്‍, ബാലഭവന്‍ എന്നിവയും നിര്‍മ്മിക്കും. 50,000 ലിറ്ററിന്റെ കുടിവെള്ള പദ്ധതി, സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്.

വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്ന സത്യസായി ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പത്തുകോടി രൂപ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വകയിരുത്തിയിരുന്നു. ഇവര്‍ ചികിത്സയ്ക്കായി എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മൂന്നുമാസത്തേക്കു മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു.

നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ 127 പേര്‍ക്ക് ഒരു ലക്ഷം രൂപാ വീതം ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കി രണ്ടു വര്‍ഷത്തോളം കാത്തിരുന്നിട്ടും സഹായം ലഭിച്ചില്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണു ഫണ്ട് അനുവദിക്കാന്‍ നിര്‍ദേശിച്ചത്. ദുരന്തബാധിത പഞ്ചായത്തുകളിലുള്ളവര്‍ക്കു പുറമെ സമീപ പഞ്ചായത്തുകളിലുള്ള ദുരിതബാധിതര്‍ക്കും സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News