സംസ്ഥാനത്ത് നൂറോളം പാലങ്ങള്‍ അപകടാവസ്ഥയില്‍; പാലങ്ങളുടെ ബലക്ഷയം പരിശോധിക്കും; നിലവാരം പരിശോധിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നൂറോളം പാലങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രാഥമിക പരിശോധനയിലാണ് പാലങ്ങളുടെ ഗുരുതരാവസ്ഥ വെളിപ്പെട്ടത്. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അഞ്ഞൂറു കോടിയോളം രൂപ ബജറ്റില്‍ വകയിരുത്താന്‍ ആവശ്യപ്പെടുമെന്നും ജി സുധാകരന്‍ പറഞ്ഞു.

ഏനാത്ത് പാലത്തിന്റെ തൂണുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എല്ലാ സബ്ഡിവിഷനിലെയും പാലങ്ങള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. ബലക്ഷയം കണ്ടെത്തിയാല്‍ അവ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പാലങ്ങളുടെ നിലവാരത്തെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാനത്ത് നിലവില്‍ സംവിധാനമില്ല. എന്നാല്‍ കേന്ദ്രത്തില്‍ ഇതുണ്ട്. കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് ഇതിനായി സംവിധാനം ഏര്‍പ്പെടുത്തും. പാലങ്ങളിലെ സ്ലാബുകള്‍ക്കിടയില്‍ വിള്ളല്‍ വരാത്ത വിധത്തിലാവും പുതിയ നിര്‍മാണ പ്രവര്‍ത്തനം. 240 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെയും 1200 ഓവര്‍സിയര്‍മാരുടെയും കുറവുണ്ട്. ഇതു പരിഹരിക്കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News