നോട്ട് അസാധുവാക്കലിൽ ഊർജിത് പട്ടേൽ ഇന്നു പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുമ്പിൽ; ചോദ്യങ്ങൾക്കു മുന്നിൽ പകച്ച് ആർബിഐ ഗവർണർ; റിപ്പോർട്ട് ബജറ്റിനു മുമ്പ്

ദില്ലി: നോട്ട് അസാധുവാക്കലിനെ കുറിച്ചു വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ ഇന്നു പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ ഹാജരാകും. കഴിഞ്ഞ ദിവസം പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരായ ഊർജിത് പട്ടേലിനു കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയത്. വേണ്ടി വന്നാൽ ലോക്‌സഭാ സ്പീക്കറുടെ സമ്മതത്തോടെ പ്രധാനമന്ത്രിയെ വിളിപ്പിക്കുമെന്ന് പിഎഎസി ചെയർമാൻ പ്രൊഫ. കെ.വി തോമസ് പറഞ്ഞിരുന്നു. അടുത്ത ബജറ്റിനു മുൻപ് റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കാനാണ് പിഎസിയുടെ തീരുമാനം.

കഴിഞ്ഞ ദിവസം ഹാജരായപ്പോൾ കമ്മിറ്റിയുടെ പല ചോദ്യങ്ങൾക്കു മുമ്പിലും ഊർജിത് പട്ടേൽ ഉത്തരം മുട്ടി ഇരിക്കുന്ന അവസ്ഥയുണ്ടായി. എത്ര കള്ളപ്പണം പിടിച്ചെന്നോ എത്ര നോട്ടുകൾ തിരിച്ചെത്തിയെന്നോ ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹത്തിനായിരുന്നില്ല. നോട്ടുപിൻവലിക്കലിനുള്ള നിയന്ത്രണം പിൻവലിക്കുന്നതു സംബന്ധിച്ച് ഊർജിത് പട്ടേൽ കൃത്യമായി മറുപടി നൽകണമെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ നിലപാട്. മതിയായ കറൻസി ഇല്ലാത്തതിനാൽ നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നു പട്ടേൽ സമ്മതിച്ചു. എന്നാൽ, നിയന്ത്രണങ്ങൾ എപ്പോൾ പിൻവലിക്കും എന്ന ചോദ്യത്തിനു അദ്ദേഹത്തിനു മറുപടി ഉണ്ടായിരുന്നില്ല.

എടിഎമ്മിൽ നിന്നും ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുകയ്ക്കു പരിധി നിശ്ചയിച്ചത് ബാങ്കുകൾക്കു മുന്നിൽ ലഹളയുണ്ടാകുന്നതു തടയാൻ വേണ്ടിയാണെന്നായിരുന്നു മറുപടി. പല ചോദ്യങ്ങൾക്കും ഊർജിത് പട്ടേൽ ഉത്തരം നൽകാതിരുന്നത് പിഎസി പാനലിലെ ചില അംഗങ്ങളെ നിരാശരാക്കി. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ കൂടുതൽ സമയം ചിലവഴിച്ചതിനാൽ ചില ചോദ്യങ്ങൾ പാനലിന് ചോദിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുണ്ട്.

കമ്മിറ്റിക്കു മുന്നിൽ വിയർത്ത പട്ടേലിനെ ഒടുവിൽ രക്ഷിച്ചത് മൻമോഹൻ സിംഗ് ആയിരുന്നു. ‘റിസർവ് ബാങ്ക് എന്ന സ്ഥാപനത്തെയും ഗവർണർ എന്ന പദവിയെയും നമ്മൾ മാനിക്കണമെന്ന്’ പറഞ്ഞു മൻമോഹൻ സിംഗ് നടത്തിയ ഇടപെടലാണ് നിർത്തിപ്പൊരിക്കലിൽ നിന്ന് ഊർജിത് പട്ടേലിനെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News