എഡിജിപി ശ്രീലേഖയ്ക്ക് എതിരായ കേസിൽ ഇന്നു വിജിലൻസ് റിപ്പോർട്ട് സമർപിച്ചേക്കും; ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെയും ആരോപണം

തിരുവനന്തപുരം: എഡിജിപി ആർ.ശ്രീലേഖയ്ക്കും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും എതിരായ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഇരുവർക്കും എതിരായ റിപ്പോർട്ട് ഇന്നു സമർപ്പിക്കാനാണ് കോടതി വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിൽ ഇന്നു റിപ്പോർട്ട് സമർപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് സെക്രട്ടറിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ നടത്തിയ ഇടപാടുകളിൽ ശ്രീലേഖ അഴിമതി നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി എ.കെ ശശീന്ദ്രനാണ് അന്വേഷണത്തിനു ശുപാർശ ചെയ്തിരുന്നത്.

എന്നാൽ, ശ്രീലേഖയ്‌ക്കെതിരായ ശുപാർശ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പൂഴ്ത്തിയതായി കാട്ടി വിവരാവകാശ പ്രവർത്തകനായ പായിച്ചിറ നവാസാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ എഡിജിപി ആർ.ശ്രീലേഖ നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഗതാഗതമന്ത്രി നേരിട്ട് ഉത്തരവിറക്കുകയായിരുന്നു. ക്രമക്കേടുകൾ സംബന്ധിച്ച് ഗതാഗതവകുപ്പിനു പരാതി ലഭിച്ചിരുന്നു.

എന്നാൽ, ശ്രീലേഖയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സർക്കാരിനു റിപ്പോർട്ട് സമർപിച്ചിരുന്നു. നടപടിക്രമങ്ങളിൽ ചെറിയ വീഴ്ച മാത്രമാണുണ്ടായത്. ആർ ശ്രീലേഖ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിനു വേണ്ടി വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേട് തുടങ്ങിയവയാണ് വിജിലൻസ് അന്വേഷണത്തിനായി ഗതാഗത വകുപ്പ് മുന്നോട്ടുവച്ചത്.

സ്ഥലംമാറ്റത്തിലൂടെ ആർ.ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലയളവിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയൽ 2016 ജൂലൈ 25 ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറി. തുടർന്ന് സെക്രട്ടറിയുടെ ഫയൽ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News