ശ്രീനഗർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സഖിയുർ റഹ്മാൻ ലഖ്‌വിയുടെ അനന്തരവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു മുസൈബ് എന്ന താഹിർ കൊല്ലപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നു നൗഹാട്ട ചൗകിലെ സിആർപിഎഫ് ക്യാംപിനു നേർക്കുണ്ടായ ഭീകരാക്രമണം ആസൂത്രണം ചെയ്തത് മുസൈബ് ആയിരുന്നെന്നു പൊലീസ് പറയുന്നു. സിആർപിഎഫ് കമാൻഡന്റ് പ്രമോദ് കുമാർ ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടു വർഷമായി മുസൈബ് വടക്കൻ കശ്മീരിലെ പ്രവിശ്യയിൽ ലഷ്‌കർ ഇ ത്വയ്ബയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ലഖ്‌വിയുടെ നേരിട്ടുള്ള നിർദേശം അനുസരിച്ചാണ് മുസൈബ് പ്രവർത്തിച്ചിരുന്നത്. പ്രവിശ്യയിലെ ലഷ്‌കറിന്റെ പ്രവർത്തനത്തിനു ആവശ്യമായ ഫണ്ട് എത്തിക്കുക, ആയുധങ്ങൾ എത്തിച്ചു കൊടുക്കുക, സംഘർഷങ്ങൾ ഉണ്ടാക്കുക എന്നീ പ്രവർത്തികളായിരുന്നു പ്രധാനമായും മുസൈബ് നേതൃത്ദവം നൽകിയിരുന്നത്. ഏറെക്കാലമായി സുരക്ഷാസേന മുസൈബിനെ നിരീക്ഷിച്ചു വരുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
സൈനികരുടെ ആയുധം പിടിച്ചെടുക്കൽ അടക്കം ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്. 2015 ഓഗസ്റ്റ് മുതലാണ് ബന്ദിപ്പോറയിലും ഗാന്ദർബാളിലും ലഷ്‌കറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുകയായിരുന്നു. അതേവർഷം ഒക്ടോബറിലാണ് ബന്ദിപ്പോറയിൽ നിന്ന് സൈനികരുടെ ആയുധം തട്ടിയെടുത്തത്. സിആർപിഎഫ് അടക്കം എല്ലാ സുരക്ഷാസേനകളുടെയും സംയുക്ത ദൗത്യത്തിലാണ് മുസൈബ് കൊല്ലപ്പെട്ടതെന്നു സിആർപിഎഫ് ഐജി സുൽഫിക്കർ ഹസൻ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.