കലോത്സവ സൃഷ്ടികൾ സ്‌കൂൾവിക്കിയിലൂടെ ജനകീയമാകും

സ്വതന്ത്രമായ വിവരശേഖരണവും അവയുടെ പങ്കുവെക്കലും ലക്ഷ്യം വെച്ച് വിക്കിപീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ വിക്കിമീഡിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്‌കൂള്‍ പ്രോജക്‌‌ട് ആരംഭിച്ച പദ്ധതിയായ ‘സ്‌കൂൾ വിക്കി’ വിക്കിപീഡിയയുടെ മാതൃകയിൽ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും പൊതുജനങ്ങളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ്.

ഐ.ടി@സ്‌കൂള്‍ പ്രോജക്‌‌ടിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻ തൂവലായ സ്‌കൂൾവിക്കി പദ്ധതി ഈ കലോത്സവ സമയത്ത് പുതിയ നീക്കങ്ങളോടെ ശ്രദ്ധയാകർഷിക്കുകയാണ് . കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഐ.ടി@സ്‌കൂള്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയവയില്‍ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ.

അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ രചനാമത്സരങ്ങളിലെ മുഴുവന്‍ സൃഷ്ടികളും ഇതാദ്യമായി സ്‌കൂൾവിക്കിയിലൂടെ ഒരു പൊതുസഞ്ചയത്തില്‍ ലഭ്യമാക്കാന്‍ ഐ.ടി@സ്കൂള്‍ ഒരുക്കിയ സംവിധാനമാണ് മികച്ച ആശയം എന്ന നിലയിൽ ശ്രദ്ധനേടുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ബന്ധിപ്പിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കിയ സ്കൂള്‍ വിക്കി (schoolwiki.in) വഴിയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ രചനാമത്സരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ ഐ.ടി കൂട്ടായ്‌മയ്ക്കായി ഐ.ടി@സ്കൂള്‍ പ്രോജക്‌ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഹായ് സ്കൂള്‍ കുട്ടിക്കൂട്ടങ്ങളുടെ’ നേതൃത്വത്തിലാണ് കലോത്സവ വേദിയില്‍ വെച്ചു തന്നെ ഈ പ്രവര്‍ത്തനം നടത്തുന്നത്.

കലോത്സവത്തിനിടെ രചനാമത്സരഫലങ്ങള്‍ വരുന്ന മുറയ്ക്കുതന്നെ അവ ഡിജിറ്റൈസ് ചെയ്ത് സ്‌കൂള്‍വിക്കിയിലേത്തിക്കുന്നത്തിലൂടെ വിവിധ ഭാഷകളിലെ കഥ,കവിത, ഉപന്യാസം, എണ്ണച്ഛായ-ജലച്ഛായ-പെന്‍സിൽ ,ചിത്രരചനകള്‍, കാര്‍ട്ടൂണുകള്‍, കൊളാഷുകള്‍ എന്നിങ്ങനെ എല്ലാ മത്സരങ്ങളും പൊതുജനങ്ങള്‍ക്ക് കൂടി കാണാനും വിലയിരുത്താനുമുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നത്.

സ്കൂള്‍ വിക്കിയില്‍ ‘കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017’ എന്ന ലിങ്കില്‍ ഈ വിവരങ്ങൾ ലഭ്യമാകും. ഐ ടി @ സ്‌കൂൾ വിന്യസിച്ചിട്ടുള്ള പോർട്ടലുമായി (www.schoolkalolsavam.in) നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കലോത്സവത്തെക്കുറിച്ചു വിക്കിയിൽ നൽകുന്ന സമഗ്ര വിവരങ്ങൾ അതോടൊപ്പം വിജയികളായ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളുടെ പേജിലും അപ്‌ഡേറ്റ് ആകും. 2017 ജനുവരി 26 മുഴുവൻ സ്‌കൂളുകളെയും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുമെന്ന് ഐ.ടി @ സ്‌കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് അറിയിച്ചു.

പൂർണമായും മലയാളത്തിലാണ് ‘സ്കൂൾവിക്കി’ തയ്യാറാക്കിരിക്കുന്നത്. ഓരോ വിദ്യാലയങ്ങള്‍ക്കും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും അതാത് സ്കൂളിന്റെ ചരിത്രവും സ്കൂൾ വിക്കിയിൽ ചേർക്കാവുന്നതും നിലവിലുള്ളത് പുതുക്കാനും കഴിയും. പ്രമുഖരായ പൂർവവിദ്യാർത്ഥികൾ, സ്‌കൂള്‍ മാപ്പ്, സ്കൂൾ വെബ്സൈറ്റ്, ബ്ലോഗുകൾ, വിവിധ ക്ലബ്ബുകൾ, ക്ലാസ് മാഗസിനുകൾ, സ്കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്കൂൾ വിക്കിയിൽ നൽകാം.സ്കൂള്‍ വിക്കിയില്‍ നിലവിൽ 12000 ലേഖനങ്ങളും 17500 ഉപയോക്താക്കളുണ്ട്

വിദ്യാര്‍ത്ഥികള്‍ അവരുടെ സംഘ പ്രവര്‍ത്തനത്തിലൂടെ തയ്യാറാക്കുന്ന പഠന ഉത്പന്നങ്ങളും അധ്യാപകരുടെ കൂട്ടായ്മയില്‍ നിന്നും രൂപം കൊള്ളുന്ന പഠന വിഭവങ്ങളും കോര്‍ത്തിണക്കിയാണ് സ്കൂള്‍ വിക്കി ലഭ്യമായിരിക്കുന്നത് . കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ട് മലയാളത്തില്‍ തന്നെയാണ് സ്കൂള്‍ വിക്കി നിലകൊള്ളുന്നത് എന്നത് എടുത്ത് പറയേണ്ടുന്ന പ്രത്യേകതയാണ് . സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും സ്കൂള്‍ വിക്കിയില്‍ റജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളുടെ കീഴില്‍ അവരവര്‍ക്കനുവദിച്ച സ്ഥലത്ത് അവരവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് സ്കൂള്‍ വിക്കിയുടെ രൂപകല്പന. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂള്‍ വിക്കി സന്ദര്‍ശിക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News