യുഡിഎഫ് യോഗത്തില്‍നിന്ന് ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി; മുന്നണിയില്‍ വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് ആക്ഷേപം; മധ്യമേഖലാ യുഡിഎഫ് ജാഥയില്‍ തുടക്കത്തിലേ പൊട്ടിത്തെറി

കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കോട്ടയത്തു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്നു മുസ്ലിം ലീഗ് പ്രതിനിധികളായ ടി എം ഷെരീഫും അസീസ് ബഡായിയും ഇറങ്ങിപ്പോയി. അനുനയിപ്പിക്കാനുള്ള യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍റെ ശ്രമവും പരാജയപ്പെട്ടു.

ഇന്നു കോട്ടയം ഡിസിസി ഓഫീസിലായിരുന്നു യോഗം. പ്രൊഫ. വര്‍ഗീസ് ജോര്‍ജ് നയിക്കുന്ന യുഡിഎഫ് മധ്യമേഖലാ ജാഥയെക്കുറിച്ച് ആലോചിക്കാനുള്ള യുഡിഎഫ് യോഗത്തിന്‍റെ തയാറെടുപ്പുകളായിരുന്നു അജന്‍ഡ. മുന്നണിയിലെ രണ്ടാം കക്ഷിയായിട്ടും ലീഗിനെ വേണ്ടസമയത്തു യോഗത്തില്‍ സംസാരിക്കാന്‍ വിളിച്ചില്ലെന്നും ഇതു പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ആരോപിച്ചാണ് യോഗത്തില്‍നിന്ന് ജില്ലാ പ്രസിഡന്‍റ് പി എം ഷെരീഫും ജനറല്‍ സെക്രട്ടറി അസീസ് ബഡായിയും സെക്രട്ടറി പി എസ് ബഷീറും അടക്കം ഏ‍ഴു പേരാണ് ഇറങ്ങിപ്പോയത്.

സംസ്ഥാന സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്താണ് യുഡിഎഫ് ജാഥ നടത്തുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. ആര്‍എസ്പിയെയും സിഎംപിയെയും ക്ഷണിച്ചശേഷം മാത്രമാണ് യോഗത്തില്‍ പ്രസംഗിക്കാന്‍ വിളിച്ചതെന്നാണ് ലീഗ് നേതാക്കളുടെ ആരോപണം. യോഗത്തിനു ശേഷം യുഡിഎഫി ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ കോട്ടയത്തെ ലീഗ് ജില്ലാക്കമ്മിറ്റി ഓഫീസില്‍ എത്തിയെങ്കിലും ഷെരീഫും അസീസും അനുനയത്തിനു തയാറായില്ല.

നിയമസഭാ തെരഞ്ഞെടുപ്പു ക‍ഴിഞ്ഞതു മുതല്‍ കോട്ടയത്തു യുഡിഎഫില്‍ ലീഗ് കടുത്ത അതൃപ്തിയിലാണ്. മുന്നണിയിലെ രണ്ടാം കക്ഷിയായിട്ടും മറ്റു കക്ഷികള്‍ക്കു ശേഷമാണ് ലീഗിനെ പരിഗണിക്കുന്നതെന്നാണ് നേതാക്കള്‍ക്കു പരാതി. പ്രശ്നം മറനീക്കി പുറത്തുവന്ന സ്ഥിതിക്ക് അത്രപെട്ടെന്നൊന്നും പരിഹാരമാകില്ലെന്നാണു വിലയിരുത്തല്‍. തങ്ങളുടെ പരാതികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും ലീഗ് നേതാക്കള്‍ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel