ബോളിവുഡ് നടി രതി അഗ്നിഹോത്രിക്കെതിരെ കേസെടുത്തു; നടപടി 49 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടത്തിയതിന്; പണമടയ്ക്കണമെന്ന ആവശ്യവും നടി തള്ളി

മുംബൈ : വൈദ്യുതി മോഷണത്തിന് ബോളിവുഡ് നടി രതി അഗ്‌നിഹോത്രിക്കെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവും വാസ്തു ശില്‍പിയുമായ അനില്‍ വിര്‍വാനിയെയും പ്രതിചേര്‍ത്തു. മുംബൈ പോലീസ് ആണ് കേസെടുത്തത്. വീട്ടിലേക്കുള്ള കണക്ഷന്‍ വഴി ഇരുവരും ചേര്‍ന്ന് 48.96 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടത്തിയെന്നാണ് കേസ്.

മുംബൈ നെഹ്‌റു പ്ലാനിറ്റേറിയത്തിന് സമീപത്തുള്ള സീ ഫേസ് അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള കണക്ഷന്‍ വഴിയാണ് വൈദ്യുതി മോഷണം നടത്തിയത്. അഗ്‌നിഹോത്രിയുടെ വീട്ടില്‍ 177,647 യൂണിറ്റ് വൈദ്യുതിയാണ് സംശയാസ്പദമായ കാലയളവില്‍ ഉപയോഗിച്ചത്. വൈദ്യുതി വകുപ്പ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് പരിശോധന നടത്തി.

ഈ പരിശോധനയിലാണ് മീറ്ററില്‍ കൃത്രിമം നടത്തി വൈദ്യുതി മോഷ്ടിച്ചുവെന്ന് കണ്ടെത്തിയത്. പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അഗ്നിഹോത്രി അതിന് തയ്യാറായില്ല. തുടര്‍ന്ന് പരാതി വൈദ്യുതി ബോര്‍ഡ് പൊലീസിന് കൈമാറി. ഇലക്ട്രിസിറ്റി ആക്ട് 135-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മുംബൈയിലെ വര്‍ളി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here