അമിതഭാരം വിനയായി; 57 ജീവനക്കാരെ വിമാനത്തില്‍ കയറ്റാതെ എയര്‍ ഇന്ത്യ; ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചവരില്‍ എയര്‍ ഹോസ്റ്റസുമാരും

ദില്ലി : അമിതഭാരമുള്ള എയര്‍ ഹോസ്റ്റസുമാരെ വിമാനത്തിനുള്ളിലെ ജോലികളില്‍നിന്ന് എയര്‍ ഇന്ത്യ ഒഴിവാക്കി. എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ളവരെയാണ് ഒഴിവാക്കിയത്. വിമാനത്തിനുള്ളിലെ ജോലി ഇനി ഇവര്‍ക്ക് നല്‍കില്ല. നിശ്ചിത സമയത്തിനുള്ളില്‍ അമിതഭാരം കുറയ്ക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

അമിത ഭാരമുണ്ടെന്ന് കണ്ടെത്തിയ 57 ജീവനക്കാരെയാണ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളിലെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. നിശ്ചിത സമയത്തിനുള്ളില്‍ ഭാരം കുറയ്ക്കണമെന്നാണ് മാനേജ്‌മെന്റ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇല്ലെങ്കില്‍ വിമാനത്താവളത്തിലെ ജോലിയില്‍ സ്ഥിരപ്പെടുത്തും.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റിന്റെ നടപടി. ഡിജിസിഎ മാര്‍ഗ്ഗരേഖയനുസരിച്ച് എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ളവരുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. സമ്പൂര്‍ണ്ണ ശാരീരിക ക്ഷമതയുള്ളവര്‍, താല്‍ക്കാലിക പ്രശ്‌നങ്ങളുള്ളവര്‍, ശാരീരിക ക്ഷമതയില്ലാത്തവര്‍ എന്നിങ്ങനെ തരം തിരിക്കണമെന്നുമാണ് നിര്‍ദ്ദേശം.

ഇതനുസരിച്ചാണ് 57 ജീവനക്കാര്‍ക്ക് ശാരീരിക ക്ഷമതയില്ലെന്ന് കണ്ടെത്തിയത്. അമിതഭാരമുള്ളവരെ നേരത്തെയും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് വിമാന ജോലിയില്‍ നിന്ന് നീക്കിയിരുന്നു. 2015 സെപ്തംബറില്‍ സ്വീകരിച്ച നടപടി അനുസരിച്ച് 125 പേരെയാണ് വിമാനത്താവള ജോലിയിലേക്ക് മാറ്റിയത്.

ശരീരഭാരം കുറയ്ക്കുന്നതിനായി മൂന്ന് മാസത്തെ സമയമാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് നല്‍കുന്നത്. 3,800ല്‍ അധികം വിമാന ജോലിക്കാരാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 2,500 പേര്‍ സ്ത്രീകളാണ്. ആകെയുള്ള ജീവനക്കാരില്‍ 2,200 പേര്‍ക്കാണ് എയര്‍ ഇന്ത്യ സ്ഥിരജോലി നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel