തിരുവനന്തപുരം : സംസ്ഥാനത്ത് സമഗ്ര കായിക നയം ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് രൂപം കൊടുക്കും. ജില്ലയ്ക്ക് താഴോട്ടും വേരോട്ടമുണ്ടാകുന്ന വിധത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ പരിഷ്‌കരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 ഒളിംപിക്‌സ് ലക്ഷ്യം വച്ച് പ്രത്യേക പരിശിലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. കായികരംഗത്ത് മികവു തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എല്ലാ കാലഘട്ടത്തിലും കൈക്കൊണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് നേരത്തേ നടത്തിയ കായികക്ഷമതാ പഠന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയിട്ടുള്ളത്. പത്തിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരിശോധനയില്‍ വളരെ കുറച്ചു പേര്‍ക്കുമാത്രമേ ശരാശരി കായികക്ഷമതാ നിലവാരമുള്ളൂവെന്നാണ് ആ പഠനത്തില്‍ കണ്ടെത്തിയത്. ഇതിന് പരിഹാരമായിട്ടാണ് സ്‌കൂള്‍ തലത്തില്‍ത്തന്നെ കായിക വിദ്യാഭ്യാസത്തില്‍ മാറ്റം വരുത്തണം എന്ന് അന്നു കണ്ടത്. സര്‍ക്കാര്‍ ആ വഴിക്ക് ചിന്തിക്കുകയാണ്. – ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
കായികമേഖലയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പശ്ചാത്തല സൗകര്യ വികസനമാണ്. അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ സഹായകമായ ഇനങ്ങള്‍ നമുക്ക് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഗ്രാമീണമേഖലകളില്‍ ഇക്കാര്യങ്ങള്‍ തുടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പഞ്ചായത്ത് തലത്തില്‍ത്തന്നെ പറ്റിയ കളിസ്ഥലങ്ങളുണ്ടാവണം. ഗ്രാമീണ തലത്തില്‍ കണ്ടെത്തുന്ന പ്രൊഫഷണലുകളെ നല്ലരീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനാവശ്യമായ നടപടി സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക കായികയിനത്തില്‍ വേരോട്ടമുള്ളതായിരിക്കും ഓരോ ഗ്രാമവും. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്. എല്ലാവര്‍ക്കും വ്യായാമം എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.
അന്തര്‍ദേശീയ തലത്തില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് മെഡിസിന്‍ ശാഖ നമ്മുടെ നാട്ടിലും വ്യാപകമാക്കണം. കായിക താരങ്ങള്‍ പരിശീലനത്തിലും മത്സരത്തിലും ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന പരിക്കുകള്‍ക്ക് ചികിത്സിക്കാന്‍ ഇതു കൂടിയേ മതിയാകൂ. ഇതിനുവേണ്ട സൗകര്യങ്ങളൊരുക്കുവാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here