ജെല്ലിക്കെട്ട് നിരോധനം മറികടക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍; ഓര്‍ഡിനന്‍സിന്റെ കരടിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അംഗീകാരം; നടപടിക്രമം പൂര്‍ത്തിയാക്കി രാഷ്ട്രപതിക്ക് അയക്കും; ചോദ്യം ചെയ്യുമെന്ന് മൃഗ സംരക്ഷണ സംഘടനകള്‍

ദില്ലി : ജെല്ലിക്കെട്ടിന് നിയമ പ്രാബല്യം നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജെല്ലിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സംരക്ഷിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ജെല്ലിക്കെട്ടിന് നിയമ പ്രാബല്യം നല്‍കാനൊരുങ്ങുന്നത്. ഇതിന് ആവശ്യമായ തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയ ഓര്‍ഡിനന്‍സിനാണ് കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നല്‍കിയത്. കേന്ദ്ര സാംസ്‌കാരിക – പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയും ഓര്‍ഡിനന്‍സിന് ലഭിച്ചു.

ഓര്‍ഡിനന്‍സ് ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറും. തുടര്‍ന്ന് അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയയ്ക്കും. പരമ്പരാഗത കായിക ഇനമാണ് ജെല്ലിക്കെട്ട് എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. ഈ വാദമാണ് കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചത്.

രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഓര്‍ഡിനന്‍സ് നിയമമായി മാറും. ചില ഭേദഗതികളോടെയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സില്‍ നിലനിര്‍ത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി ജെല്ലിക്കെട്ട് നടത്താനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ തമിഴ്‌നാടിന്റെ നിയമ നിര്‍മ്മാണം നിലനില്‍ക്കുന്നതല്ലെന്നാണ് നിയമ വിദഗ്ധരുടെ നിലപാട്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കില്ല. തമിഴ്‌നാട്ടില്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയാണ് വേണ്ടത്. ജെല്ലിക്കെട്ട് നിര്‍ത്തിയതുകൊണ്ട് സ്വര്‍ഗ്ഗം ഇടിഞ്ഞുവീഴില്ലെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി പ്രതികരിച്ചു.

ഓര്‍ഡിനന്‍സിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ നിലപാട്. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡും ഓര്‍ഡിനന്‍സിനെതിരെ നിലപാടെടുക്കും. ഓര്‍ഡിനന്‍സിന്റെ ഭരണഘടനാപരമായ നിലനില്‍പ്പിന് അനുസരിച്ചാവും ജെല്ലിക്കെട്ടിന്റെയും നിയമ സാധുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News