ബുര്‍ഖ ധരിച്ച സ്ത്രീ തടവിലാക്കപ്പെട്ടവളെന്ന് കേന്ദ്രമന്ത്രി; ഹിജാബിനുള്ളില്‍ പെണ്ണ് സ്വതന്ത്രയും സൗന്ദര്യമുള്ളവളുമാണെന്ന് നടി സൈറയുടെ മറുപടി

ദില്ലി: ബുര്‍ഖ ധരിച്ച സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വിജയ് ഗോയലിനെ തിരുത്തി ദംഗല്‍ സിനിമയിലെ നടി സൈറ വസീം. മന്ത്രിയുടെ നിലപാടിനോട് പൂര്‍ണമായും വിയോജിക്കുന്നെന്നും ഹിജാബിനുള്ളില്‍ പെണ്ണ് സ്വതന്ത്രയും സൗന്ദര്യമുള്ളവളാണെന്നും സൈറ പറഞ്ഞു.

ദില്ലിയില്‍ നടന്ന ആര്‍ട് ഫെസ്റ്റിവലില്‍ ബുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന് സൂചിപ്പിക്കുന്ന ചിത്രത്തെ വിജയ് ഗോയല്‍ സൈറയോട് ഉപമിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനാണ് സൈറ മറുപടി നല്‍കിയത്. ഇത്തരം ചിത്രങ്ങളോട് തന്നെ താരതമ്യം ചെയ്യരുതെന്നും സൈറ മന്ത്രിയോട് പറഞ്ഞു. ചിത്രത്തില്‍ കാണുന്നത് പോലെയുള്ള അനുഭവം തന്റെ അനുഭവത്തില്‍ പോലും ഉണ്ടായിട്ടില്ലെന്നും സൈറ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൈറ തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചുവെന്നാരോപിച്ച് മന്ത്രി വീണ്ടും രംഗത്ത് വന്നു. സൈറയുടെ പ്രവര്‍ത്തികള്‍ വിലമതിക്കുന്നുവെന്നും വിജയ് പറഞ്ഞു.

ജമ്മു മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സൈറയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അക്രമം ആരംഭിച്ചത്. വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് താരം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. പോസ്റ്റ് ഇങ്ങനെ: അടുത്തിടെ എന്റെ ഭാഗത്തുനിന്നുണ്ടായ ചില പ്രവൃത്തികളില്‍ ചിലര്‍ക്കെല്ലാം അനിഷ്ടം തോന്നിയെന്ന് ഞാന്‍ മനസിലാക്കുന്നു. അവരുടെ വികാരങ്ങള്‍ എനിക്ക് മനസിലാകുന്നു. ഞാന്‍ 16 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണെന്ന് മനസിലാക്കി മാപ്പ് തരുമെന്ന് കരുതുന്നു’.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here