ദേശീയതയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം; ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ പ്രതിഷ്ഠിക്കാന്‍ നീക്കം; കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും സീതാറാം യെച്ചൂരി

തിരുവനന്തപുരം : ദേശീയതയുടെ പേരില്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ പ്രതിഷ്ഠിക്കാനുള്ള ബോധപൂര്‍വമായ നീക്കം നടക്കുന്നു. ഖാദി ഉദ്യോഗ് കലണ്ടറില്‍നിന്ന് ഗാന്ധിജിയെ ഒഴിവാക്കി മോഡിയുടെ ചിത്രം വച്ചത് വെല്ലുവിളിയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കറന്‍സി നോട്ടുകളില്‍നിന്ന് ഒന്നൊന്നായി ഗാന്ധി ചിത്രം ഒഴിവാക്കാനുള്ള ശ്രമങ്ങളും ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണ്. ഇത്തരം നടപടികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും യെച്ചൂരി പറഞ്ഞു. ഓള്‍ ഇന്ത്യാ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ (എഐപിഎസ്ഒ) ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

ജനങ്ങളുടെ ഐക്യം തകര്‍ത്ത് അധികാരം എക്കാലവും നിലനിര്‍ത്താമെന്ന മോഡിയുടെയും കുട്ടരുടെയും മോഹം നടക്കാന്‍പോകുന്നില്ല. ഇന്ത്യന്‍ മതേതരത്വം വലിയ വെല്ലുവിളി നേരിടുകയാണ്. മതതീവ്രവാദവും വര്‍ഗീയവാദവും വലിയ ഭീഷണിയാകുന്നു. ഇവയ്‌ക്കെതിരെ ജനങ്ങളുടെ ഐക്യനിര കൂടുതല്‍ ശക്തിപ്പെടുത്തണം. – സീതാറാം യെച്ചൂരി പറഞ്ഞു.

പ്രാദേശികമായി ലോകത്താകെ സാമ്രാജ്യത്വ വിരുദ്ധ, യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നു. ഇവയെ ഏകോപിത രൂപമാക്കി വളര്‍ത്തേണ്ടതുണ്ട്. ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള മാര്‍ഗം ഇതാണെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here