മുന്‍ഗാമികളെ പ്രസിഡന്റുമാരെന്ന് അഭിസംബോധന ചെയ്ത് തുടക്കം; തീവ്ര ദേശീയത പ്രകടമാക്കി പ്രസംഗം; രാജ്യമെങ്ങും അലയടിച്ച് പ്രതിഷേധം

കാപ്പിറ്റോള്‍ ബില്‍ഡിംഗ് : സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുന്‍ഗാമികള്‍ക്കും ലോക ജനതയ്ക്കും നന്ദി പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്തത്. മുന്‍ പ്രസിഡന്റുമാരുടേത് പോലെ 20 മിനുട്ട് നീളുന്ന പ്രസംഗം. എന്നാല്‍ പ്രസംഗത്തിലുടനീളം പ്രതിഫലിച്ചത് ഡൊണള്‍ഡ് ട്രംപിന്റെ തീവ്ര ദേശീയതയായിരുന്നു.

കുടിയേറ്റം, തീവ്രവാദം, തൊഴിലവസരം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ആദ്യാവസാന പ്രസംഗം. പ്രസിഡന്റാകുന്നതിന് മുമ്പുള്ള വാദങ്ങളെ പ്രസിഡന്റായതിന് ശേഷവും മാറ്റമില്ലെന്ന് ഡൊണള്‍ഡ് ട്രംപ് ഓര്‍മ്മിപ്പിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും ജനങ്ങളിലേക്ക് അധികാരം കൈമാറുമെന്ന പ്രഖ്യാപനം അമേരിക്കന്‍ ജനതയെ കൈയ്യിലെടുക്കാനുള്ള ശ്രമം കൂടിയായി.

പ്രാദേശിക സമയം പകല്‍ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജിമ്മി കാര്‍ട്ടര്‍, ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ എന്നിവരും ഭാര്യമാരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ഒബാമ ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ രീതി പിന്തുടര്‍ന്നായിരുന്നു 20 മിനിറ്റ് നീളുന്ന പ്രസംഗം. തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷം പരാജയപ്പെട്ട ഹിലരി ക്ലിന്റനും ഡൊണള്‍ഡ് ട്രംപും ആദ്യമായി നേരില്‍ കണ്ടതും സത്യപ്രതിജ്ഞാ ചടങ്ങിലാണ്.

പ്രസംഗത്തിനുശേഷം സംഗീതപരിപാടിയും ആത്മീയ നേതാക്കളുടെ അനുഗ്രഹ പ്രഭാഷണവും അരങ്ങേറി. തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ബറാക് ഒബാമയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. വിരുന്നില്‍ പ്രസിഡന്റ് ട്രംപും പങ്കെടുത്തു. പകല്‍ മൂന്നിന് പുതിയ പ്രസിഡന്റ് ഔദ്യോഗിക വാഹനത്തില്‍ ക്യാപ്പിറ്റോളില്‍ നിന്ന് പെന്‍സില്‍വാനിയ അവന്യൂവിലൂടെ വൈറ്റ് ഹൗസിലേക്ക് നീങ്ങും.

ഡൊണള്‍ഡ് ട്രംപിനെതിരെ അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധം അലയടിക്കുകയാണ്. എല്ലാ പ്രധാന നഗരങ്ങളിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി. ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധം അറിയിച്ചു. വ്യവസായ ഭീമനായ ട്രംപ് യുഎസ് പ്രസിഡന്റാകുന്നതില്‍ രാജ്യത്ത് ഇപ്പോഴും കടുത്ത എതിര്‍പ്പ് തുടരുകയാണ്. ട്രംപിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അമേരിക്കന്‍ കോണ്‍ഗ്രസിലെ 50 അംഗങ്ങളും ചടങ്ങ് ബഹിഷ്‌കരിച്ചു.

51 ശതമാനം പേരുടെ എതിര്‍പ്പോടെയാണ് ട്രംപ് പ്രസിഡന്റ് പദവിയില്‍ എത്തുന്നതെന്ന് കണക്ക് പറയുന്നു. ഒബാമയെ 12 ശതമാനവും ബുഷിനെ 25 ശതമാനവും ബില്‍ ക്‌ളിന്റനെ 18 ശതമാനവും പേരാണ് എതിര്‍ത്തിരുന്നത്. ഒമ്പത് ലക്ഷത്തോളം പേരാണ് കാപ്പിറ്റോള്‍ ബില്‍ഡിംഗിന് മുന്നില്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയത്. എട്ട് വര്‍ഷംമുമ്പ് ഒബാമ സ്ഥാനമേറ്റപ്പോള്‍ 18 ലക്ഷം പേരാണ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here