നിശാഗന്ധി ഉണര്‍ന്നു; ഇനി അനന്തപുരിക്ക് ചിലങ്കയുടെ താളവും നൃത്തസന്ധ്യകളും; നിശാഗന്ധി ഫെസ്റ്റിനു തുടക്കം

തിരുവനന്തപുരം: തലസ്ഥാനനഗരിക്ക് ചിലങ്കതാളമൊരുക്കി നിശാഗന്ധി ഫെസ്റ്റിന് തുടക്കമായി. ഗവര്‍ണര്‍ പി സദാശിവം നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. നാടൻ കലാരൂപങ്ങൾക്കും കലാകാരന്‍മാർക്കും കൂടുതൽ അംഗീകാരവും പ്രചാരവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കണം. ക്ലാസിക്കൽ കലകൾക്ക് മതിയായ അംഗീകാരം ലഭ്യമാക്കാൻ ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും നാടൻകലകളുംകലാകാരന്മാരും പലപ്പോഴും അവഗണിക്കപ്പെടുന്നു. അവരെ മുൻനിരയിലെത്തിക്കാൻ വകുപ്പ് നടത്തുന്ന ശ്രമങ്ങൾ ശക്തമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി പത്മശ്രീ ഭാരതി ശിവജിയെ ചടങ്ങിൽ ആദരിച്ചു.

ഇനിയുള്ള ഏഴ് രാവുകള്‍ നിശാഗന്ധിയിൽ ചിലങ്കയുടെ താളം മു‍ഴങ്ങും. കൊണാർക്ക്, ഖജുരാവോ, മഹാബലിപുരം തുടങ്ങിയ അന്തർദേശിയ നൃത്തോത്സവങ്ങളുടെ ശ്രേണിയിലേക്ക് നിശാഗന്ധി ഫെസ്റ്റിവലും മാറുകയാണ്. ഇതിനായി മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സംഗീതോത്സവം ഒഴിവാക്കിയിട്ടുണ്ട്.

nisagandhi-5

നിശാഗന്ധി ഫെസ്റ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗിക്കുന്നു

നിശാഗന്ധി ഫെസ്റ്റിവെൽ നൃത്തത്തിന്‍റെ സ്ഥിരം വേദിയാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചടങ്ങിൽ ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്കാരം പത്മശ്രീ ഭാരതി ശിവജിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു.

ഒഡിസി നര്‍ത്തകി അരുണ മൊഹന്തിയുടെ നൃത്തമായിരുന്നു ആദ്യദിനം അരങ്ങിലെത്തിയത്. കൃഷ്ണന്റെയും രാധയുടെയും പ്രണയപരിഭവകഥകൾ പറഞ്ഞുകൊണ്ട് അരുണയും സംഘവും സദസിനെ വിസ്മയത്തിലാക്കി. കനകക്കുന്ന് കൊട്ടാരത്തിൽ സുഭദ്രാഹരണം കഥകളി അരങ്ങേറി. കലാമണ്ഡലം ബാലസുബ്രമഹ്ണ്യൻ അർജുനനായും കലാമണ്ഡലം വിജയകുമാർ സുഭദ്രയായും അരങ്ങിലെത്തി. ശ്രീകൃഷ്ണനായി മയ്യാനാട് രാജീവനും ഇന്ദ്രനായി മാർഗി വിഷ്ണു രവിയും ബലഭദ്രനായി കലാമണ്ഡലം കൃഷ്ണകുമാറും വേഷമിട്ടു.

nisagandhi-2

നിശാഗന്ധി ഫെസ്റ്റിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്

ശിവരാമകൃഷ്ണ സ്തുതിയിൽ നിർലീനയായി ശ്രീമയി ഇന്ന്

നിശാഗന്ധി ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാന വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ശ്രീമയി വെമ്പതി കുച്ചിപ്പുടി അവതരിപ്പിക്കും. സ്ഥിരം ശൈലിയില്‍നിന്നു വേറിട്ട് വ്യത്യസ്ഥമായ ശൈലിയിലൂടെ നാലു ഭാഗങ്ങളിലായി നാലു ദേവന്‍മാരെ ചിത്രീകരിക്കുകയാണ് ശ്രീമയി വെമ്പതി.

ഒന്നാം ഭാഗമായ സൂര്യ സ്തുതിയിലൂടെ സൂര്യഭഗവാനെ വർണിക്കുകയും പരിപാവനമായ ഗായത്രീമന്ത്രത്തിന്റെ പൊരുൾ പറയുകയും ചെയ്യുന്നു. ചടുലമായ നൃത്തച്ചുവടുകളും ശിൽപസമാനമായ ആവിഷ്‌കാരങ്ങളാലും വേറിട്ടു നിൽക്കുന്നതാണ് രണ്ടാം ഭാഗമായ ശിവഅഷ്ടകം. രാമനോടുള്ള ഭക്തി അറിയിക്കുംവിധമാണ് മൂന്നാം ഭാഗമായ ക്ഷീരസാഗരസായാഹ്നം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവസാന ഭാഗമായ മറക്കാത്ത മണിമായയിലൂടെ ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചും പറയുന്നു.

nisagandhi-3

നിശാഗന്ധി ഫെസ്റ്റില്‍ കനകക്കുന്നില്‍ നടന്ന സുഭദ്രാഹരണം കഥകളി

പാരമ്പര്യമായ വെമ്പതി നൃത്തരീതിയെ പിന്തുടരുന്ന അവർ കാലത്തിനനുസരിച്ച് കുച്ചിപ്പുടിയുടെ നൃത്തച്ചുവടുകളിലും അംഗചലനങ്ങളിലും മാറ്റം കൊണ്ടുവന്നിട്ടുള്ള പേരിൽ ശ്രദ്ധേയമാണ്. രാത്രി എട്ട് മണിക്കാണ് നിശാഗന്ധിയിൽ ശ്രീമയി വെമ്പതിയുടെ കുച്ചിപ്പുടി.

മോഹിനിയാട്ടത്തിന്റെ വശ്യതയുമായി നീന പ്രസാദ്

മോഹിനിയാട്ടത്തില്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഡോ. നീന പ്രസാദും ഇന്ന് അരങ്ങിലെത്തും. മൂന്ന് വ്യത്യസ്ഥ മണ്ഡലങ്ങളിലായാണ് നൃത്തം പുരോഗമിക്കുന്നത്. ഒന്നാം ഖണ്ഡമായ ചൊൽക്കെട്ടിൽ ശിവപഞ്ചാക്ഷരി രാഗമാലികയാണ് ഉൾപ്പെട്ടിരിക്കുന്നത്. ദേവിയെ ആനന്ദവല്ലിയായി ചിത്രീകരിക്കുന്ന സ്വാതി തിരുനാളിന്റെ കൃതിയെ രണ്ടാം ഭാഗത്തിലും അർജുനനും ശ്രീകൃഷ്ണനും തമ്മിലുള്ള ശക്തമായ സൗഹൃദം വരച്ചുകാട്ടുന്ന സഖ്യം മൂന്നാം ഭാഗത്തിലുമാണ്.

മോഹിനിയാട്ടത്തിൽ നായിക സങ്കൽപ്പത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രദ്ധേയമായ നീനാ പ്രസാദ്, ഹൈന്ദവ പുരാണങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളായ ദ്രൗപതി, ഊർമിള തുടങ്ങിയവരെ അരങ്ങിലെത്തിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തിലേക്ക് ചിട്ടസമ്പ്രദായം നടപ്പാക്കിയ അവർ മോഹിനിയാട്ടത്തിന്റെ മുഖമായി മാറുകയാണ്. തിരുവനന്തപുരം സ്വദേശിനിയായ ഇവർ ഇന്ത്യൻ നൃത്തരൂപങ്ങൾക്കായുള്ള ഭാരതാജ്ഞലി അക്കാദമിയുടെ സ്ഥാപകയാണ്. മുദ്ര ഫെസ്റ്റിവലിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ച് പരിചയമുള്ള നീന പ്രസാദ് 2015 ലെ നൃത്യ ചൂഡാമണി പുരസ്‌കാരം, മയിൽപ്പീലി പുരസ്‌കാരം തുടങ്ങി നിരവധി നേട്ടങ്ങൾക്ക് അർഹയാണ്.

nisagandhi-4

നിശാഗന്ധി ഫെസ്റ്റില്‍ ശ്രീമയി വെമ്പതിയും സംഘവും അവതരിപ്പിച്ച ഒഡിസി

മഹാഭാരതത്തിലെ വികാര തീവ്രമായ സന്ദർഭങ്ങളിലൊന്നായ കർണശപഥം കഥകളിയായി ഇന്ന് കനകക്കുന്നിലെ അരങ്ങിലെത്തും. മഹാഭാരതയുദ്ധ തന്ത്രങ്ങൾ മെനയുന്നതിനായി മന്ത്രഗൃഹത്തിലേക്കു പോകുന്നതിന് മുൻപ് സൂര്യഭഗവാനെ പ്രാർത്ഥിക്കുകയായിരുന്ന കർണന് ഏകാഗ്രത നഷ്ടപ്പെടുകയും തന്റെ മാതാപിതാക്കളെക്കുറിച്ചും ജന്മരഹസ്യത്തെക്കുറിച്ചുമുള്ള ചിന്തഅലട്ടുകയും ചെയ്യുന്നു. ഈ സമയം അമ്മയായ കുന്തീദേവി പാണ്ഡവരെ കൊല്ലരുതെന്ന് അപേക്ഷിക്കാനായി കർണനെ സമീപിക്കുന്നു. ക്ഷുഭിതനായ കർണനോട് കുന്തീദേവി അവസാനം കർണൻ തന്റെ മകനാണെന്ന ജന്മരഹസ്യം വെളിപ്പെടുത്തുന്നു.

കുന്തീദേവിക്ക് എന്നും അഞ്ച് മക്കളുണ്ടാകുമെന്നും അർജുനനെ ഒഴികെ മറ്റ് പാണ്ഡവരെ വധിക്കുകയില്ലെന്നും കർണൻ ശപഥം ചെയ്യുന്നു. ഈ സമയം കർണനെയും കുന്തിയെയും കണ്ട ദുശ്ശാസനന്റെ ചാരന്മാർ വഴി ദുര്യോധനൻ കാര്യം അറിയുകയും കർണനോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഈ വേളയിൽ മരണം വരെ താൻ ദുര്യോധനനൊപ്പം കാണുമെന്ന് ശപഥം ചെയ്യുന്നു.

രവീന്ദ്രനാഥടാഗോറിന്റെ കർണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകമാണ് കർണ ശപഥം എന്ന പേരിൽ പ്രസിദ്ധ ബാലസാഹിത്യകാരനായിരുന്ന മാലി മാധവൻ നായർ കഥകളി രൂപമായി ആവിഷ്‌ക്കരിച്ചത്. കലാനിലയം ഗോപിനാഥൻ കർണനായും കലാനിലയം വിനോദ് ദുര്യോധനനായും എഫ്എസിടി പത്മനാഭൻ കുന്തിയായും മാർഗി സുകുമാരൻ ഭാനുമതിയായും കലാമണ്ഡലം അരുൺ വാര്യർ ദുശ്ശാസനായും അരങ്ങിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News