വാഷിംഗ്ടണ്‍: കടുത്ത പ്രതിഷേധത്തിനിടയിലും അധികാരത്തിലെത്തിയ ഡൊണള്‍ഡ് ട്രംപ് ലോകത്തിന് നല്‍കാനിരിക്കുന്നത് ഒട്ടും ശുഭകരമായ സന്ദേശമല്ലെന്നു വ്യക്തമാക്കി സൂചനകള്‍. അമേരിക്കയിെല ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കിയ ബരാക് ഒബാമയുടെ ചരിത്ര തീരുമാനം റദ്ദാക്കിക്കൊണ്ടാണ് യുഎസ് പ്രസിഡന്‍റിന്‍റെ ഓഫീസിലേക്ക് ഡൊണള്‍ഡ് ട്രംപ് പ്രവേശിച്ചത്. അമേരിക്കയിലേക്കു വിദേശികള്‍ക്ക് പ്രവേശനം നല്‍കുന്ന എച്ച് 1 ബി വിസയ്ക്കു നിയന്ത്രണമേര്‍പ്പെടുത്താനുള്ള നടപടികള്‍ക്കു വേഗം കൂടുന്നതോടെ താന്‍ എന്താണ് ലക്ഷ്യമിടുന്നതെന്നു ട്രംപ് ലോകത്തോടു വ്യക്തമാക്കുകയാണ്.
ബരാക് ഒബാമയുടെ സ്വപ്ന പദ്ധതിയായിരുന്നു ഒബാമ കെയര്‍. അമേരിക്കയിലെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്നതിനു ലക്ഷ്യമിട്ടാണ് ഒബാമ കെയറിനു തുടക്കമിട്ടത്. എന്നാല്‍, പദ്ധതി രാജ്യത്തിനു വന്‍ സാമ്പത്തിക ബാധ്യതയാണു വരുത്തുന്നതെന്നു വ്യക്തമാക്കിയാണ് അവസാനിപ്പിക്കുന്നത്. പ്രതിരോധ സെക്രട്ടറിയായി ജെയിംസ് മാറ്റിസിനെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ജോണ്‍ കെല്ലിയെയും നിയമിക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ഇരുവരുടെയും നിയമനത്തിന് കഴിഞ്ഞദിവസം സെനറ്റ് അംഗീകാരം നല്‍കിയിരുന്നു.
അതിനിടെ, എച്ച് 1 ബി വിസയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുന്നതിനും കുടിയേറുന്നതിനും കടുത്ത നിയന്ത്രണമായിരിക്കും ഇതോടെ വരിക. നേരത്തേ, ഇത്തരത്തില്‍ നീക്കം നടന്നിരുന്നെങ്കിലും ഒബാമയുടെ കാലഘട്ടത്തില്‍ വിജയിച്ചിരുന്നില്ല. എച്ച് 1 ബി വിസ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു സെനറ്റര്‍മാരായ ചക്ക് ഗ്രേസ്ലിയും ഡിക് ഡര്‍ബിനും വ്യക്തമാക്കിയത് വരാനിരിക്കുന്ന ദുരവസ്ഥയുടെ സൂചനയാണ്. അമേരിക്കയിലുള്ളവര്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കാനാണ് എച്ച് 1 ബി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് അതിനായി വാദിക്കുന്നവര്‍ പറയുന്നത്. എല്‍ 1 വിസയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.
എച്ച് 1 ബി വിസയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഐടി കമ്പനികളെയാണു ഗുരുതരമായി ബാധിക്കുക. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് എച്ച് 1 ബി വിസയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍. വിസയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ ശമ്പളത്തില്‍ അമേരിക്കക്കാരെ ജോലിക്കെടുക്കേണ്ട സാഹചര്യത്തിലേക്കു കമ്പനികള്‍ മാറും. ഇതു മറ്റൊരു തരത്തില്‍ കമ്പനികളുടെ നിലനില്‍പിനെ ബാധിക്കുകയും അമേരിക്കയ്ക്കു പുറത്തേക്കു കമ്പനികള്‍ മാറ്റേണ്ട സാഹചര്യത്തിലേക്കു വഴിവയ്ക്കുകയും ചെയ്യും.
അമേരിക്കയില്‍നിന്നു കമ്പനികള്‍ മാറിയാല്‍ അതു പുറം ജോലിക്കരാര്‍ കിട്ടുന്നതിനെ ബാധിക്കും. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഏറ്റവും വലിയ വരുമാനമാര്‍ഗങ്ങളിലൊന്ന് ഐടി കമ്പനികള്‍ക്കു ലഭിക്കുന്ന പുറംജോലി കരാറുകളാണ്. പുറം ജോലിക്കരാര്‍ വിരുദ്ധനായ ട്രംപ് ആ നയം കൂടി നടപ്പാക്കുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ നിലനില്‍ക്കാന്‍ വലിയതോതില്‍ പ്രയാസപ്പെടും. ചുരുക്കത്തില്‍ ഇന്നലെ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകത്ത് വരാനിരിക്കുന്നത് അത്ര മികച്ച കാര്യങ്ങളല്ലെന്നാണു വിലയിരുത്തപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here