മുംബൈ: വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നു ബോംബെ ഹൈക്കോടതിയുടെ കോടതിയുടെ അതീവ സ്ത്രീവിരുദ്ധമായ വിധി. 21 വയസുകാരനായ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി എത്തിയ പെണ്‍കുട്ടിയെയാണു കോടതി അധിക്ഷേപിച്ചത്. പെണ്‍കുട്ടിയുടെ പരാതിക്കു വില കല്‍പിക്കാതെ യുവാവിന് ജസ്റ്റിസ് മൃദുല ഭത്കര്‍ ജാമ്യം അനുവദിച്ചു.
പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. ഇക്കാലത്ത് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. വിവാഹവാഗ്ദാനം നല്‍കിയ ലൈംഗികമായി ബന്ധപ്പെട്ട ശേഷം താനുമായുള്ള ബന്ധം യുവാവ് ഉപേക്ഷിക്കുകയായിരുന്നെന്നും താന്‍ ബലാത്സംഗത്തിന് ഇരയാവുകയായിരുന്നെന്നും കാട്ടിയാണു പെണ്‍കുട്ടി പരാതി നല്‍കിയത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച കോടതി പെണ്‍കുട്ടിയുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കുകയായിരുന്നു.
പെണ്‍കുട്ടി വിദ്യാസമ്പന്നയാണെന്നും കാര്യങ്ങളെക്കുറിച്ചും വരുംവരായ്കകളെക്കുറിച്ചും ബോധവതിയാണെന്നും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണു നടന്നതെന്നും കണ്ടെത്തിയാണ് ജസ്റ്റിസ് ഭട്കര്‍ യുവാവിനു ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം പാലിച്ചോ ഇല്ലയോ എന്നത് വേറെ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ലോകം മാറി വരികയാണെന്നും ഇക്കാര്യങ്ങള്‍ എല്ലാവരും മനസിലാക്കണമെന്നും കോടതി പറഞ്ഞു.
തലമുറകളായി വിവാഹസമയത്തു പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന് ഒരു സങ്കല്‍പമുണ്ടായിരുന്നു. ഇന്ന് പുതിയ തലമുറ പുതിയ ലോകങ്ങളിലേക്കു കൂടുതല്‍ അടുത്തു. ലൈംഗികകാര്യങ്ങളില്‍ കൂടുതല്‍ തുറന്ന സമീപമുണ്ടായി. സമൂഹം കൂടുതല്‍ സ്വതന്ത്രമായി. ചില സാഹചര്യങ്ങളില്‍ മാത്രം ലൈംഗിക ബന്ധത്തെ പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കുന്നത് ശരിയാണോയെന്നുമാണ് കോടതി ചോദിച്ചത്. താന്‍ വഞ്ചിക്കപ്പെട്ടെന്നും ബലാത്സംഗത്തിന് ഇരയായെന്നുമുള്ള പെണ്‍കുട്ടിയുടെ വാദം മുഖവിലയ്ക്കെടുക്കാന്‍ പോലും കോടതി തയാറായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here