റിലയന്‍സിനെ കൊ‍ഴുപ്പിക്കാന്‍ ബിഎസ്എന്‍എല്ലിനെ ‘തല്ലിക്കൊല്ലാ’ന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; അടച്ചുപൂട്ടും അല്ലെങ്കില്‍ വില്‍ക്കും; ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്

ദില്ലി: ഇന്ത്യയിലെ സാധാരണക്കാരന്‍റെ ആശയവിനിമയത്തിനും ഇന്‍റര്‍നെറ്റ് ഉപയോഗത്തിനും ആശ്രയമായ ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കി ജനങ്ങളെ ദ്രോഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ നീക്കം. ബിഎസ്എന്‍എല്‍ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍കരിക്കുകയോ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ രഹസ്യമായി നീക്കം നടത്തുന്നതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. റിലയന്‍സിനെ സഹായിക്കാനാണു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നു വ്യക്തം.

നീതി ആയോഗ് ആണ് ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. തന്ത്രപ്രധാന ഓഹരിവില്‍പ്പനയ്ക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ബിഎസ്എന്‍എല്ലിനെ നിതി ആയോഗ് ഉള്‍പ്പെടുത്തിയതോടെയാണ് ഇത്. ഇതിനോട് കടുത്ത എതിര്‍പ്പാണ് രാജ്യത്തെ ജനങ്ങളുടെയും ജീവനക്കാരുടെയും ഇടയില്‍നിന്നുണ്ടായത്. അതോടെ, ബിഎസ്എന്‍എല്ലിന്‍റെ ഓഹരികള്‍ വില്‍ക്കില്ലെന്ന് ജനങ്ങളുടെ കണ്ണില്‍പൊടിയിട്ടു നീതി ആയോഗ് പത്രക്കുറിപ്പിറക്കിയിരുന്നു. എന്നാല്‍, ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടു പോവുകതന്നെയാണെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബിഎസ്എന്‍എല്‍, ഐടിഐ ലിമിറ്റഡ് എന്നിവയുടെ അടച്ചുപൂട്ടലിനോ ഈ സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാനോ ഉള്ള ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടി ഉടന്‍ അറിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിതി ആയോഗിനോട് ഡിസംബര്‍ മുപ്പതിനാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി മയൂര്‍ മഹേശ്വരിയാണ് നീതി ആയോഗിന് കത്ത് നല്‍കിയത്. അതായത്, ബിഎസ്എന്‍എല്ലിനെ തല്ലിക്കൊല്ലാനുള്ള തീരുമാനത്തില്‍നിന്നു കേന്ദ്രം പിന്‍മാറിയിട്ടില്ലെന്നു വ്യക്തം.

നിലവില്‍ കേന്ദ്ര സര്‍ക്കാരിനും നരേന്ദ്രമോദിക്കും പ്രത്യേക ഇഷ്ടമുള്ള റിലയന്‍സിന്‍റെ ഏറ്റവും വലിയ ഭീഷണിയാണ് ബിഎസ്എന്‍എല്‍. ഇതു മറികടക്കാനാണ് ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. കോടികളുടെ ഇടപാടായിരിക്കും കോ‍ഴയായി മറിയുന്നതെന്നും വ്യക്തം. ജിയോ പുറത്തിറക്കിയതിലൂടെ ബിഎസ്എന്‍എല്ലിന് കടുത്ത ഭീഷണിയാണ് റിലയന്‍സ് ഉയര്‍ത്തിയത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് സൗജന്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഎസ്എന്‍എല്‍ നല്‍കുന്ന വിശ്വസ്ത സേവനങ്ങള്‍ക്കാണു മങ്ങലേറ്റത്. ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങളുടെ മികവ് രാജ്യത്തു മറ്റൊരു കമ്പനിക്കും നല്‍കാനാവുമാവില്ല.

പല സ്വകാര്യ കമ്പനികളും ഇന്നു നിരക്കു വര്‍ധിപ്പിക്കാതെ നില്‍ക്കുന്നത് ജനങ്ങള്‍ക്കു താങ്ങുന്ന നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്ളതുകൊണ്ടുമാത്രമാണ്. ബിഎസ്എന്‍എല്‍ ഇല്ലാതായാല്‍ ജനങ്ങളുടെ പോക്കറ്റില്‍ കൈയിട്ട് സ്വകാര്യ കമ്പനികള്‍ നിരക്കു കുത്തനെ കൂട്ടുമെന്നുറപ്പാണ്. സ്വകാര്യ കമ്പനികള്‍ മാത്രമുള്ള രാജ്യങ്ങളില്‍ കോള്‍-ഡാറ്റാ ഉപയോഗ നിരക്കുകള്‍ ഇന്ത്യയിലെ നിരക്കിന്റെ പത്തുമടങ്ങ് വരെയാണ്. ബിഎസ്എന്‍എല്ലിനെ പ്രാദേശിക തലങ്ങളില്‍ കമ്പനികളാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുന്നത് പ്രായോഗികമല്ല.ഫലത്തില്‍ ബിഎസ്എല്‍എല്ലിന്റെ സ്വകാര്യവല്‍ക്കരണമോ അടച്ചുപൂട്ടലോ ആണ് മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അതിര്‍ത്തിപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും സാന്നിധ്യമുള്ള ബിഎസ്എന്‍എല്‍ അടച്ചുപൂട്ടുന്നത് രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാകും. വാര്‍ത്താവിനിമയ രംഗത്ത് രാജ്യത്തിന്റെ തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ അപകടത്തിലാക്കുന്ന നീക്കമാണിത്. മുമ്പ് ബിഎസ്എന്‍എല്‍ ചൈനയില്‍നിന്ന് ടെലികോം ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സുരക്ഷാ ഭീഷണിയുടെ പേരില്‍ അനുമതി നിഷേധിച്ചിരുന്നു. എല്ലാ സ്വകാര്യകമ്പനികളും ടെലികോം ഉപകരണങ്ങള്‍ ചൈനയില്‍നിന്നാണ് വാങ്ങുന്നത്.

പത്തു കോടിയില്‍പരം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതാണ് ബിഎസ്എന്‍എല്‍.  റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥലവും കെട്ടിടങ്ങളും ബിഎസ്എന്‍എല്ലിനാണ്. എക്സ്ചേഞ്ചുകളും ഓഫീസുകളുമായി 30,000 കേന്ദ്രങ്ങളുണ്ട്. ഏഴ് ടെലികോം ഫാക്ടറികളും. 2,10,000 സ്ഥിരം ജീവനക്കാരും ലക്ഷത്തോളം കരാര്‍, താല്‍ക്കാലിക തൊഴിലാളികളുമുണ്ട്. കഴിഞ്ഞ വര്‍ഷം 30,000 കോടി രൂപയായിരുന്നു വരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News