സംസ്ഥാന പദ്ധതികള്‍ക്ക് ഒപ്പം പ്രദേശിക പദ്ധതികളും മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; നവകേരളത്തിനായി ജനകീയ ആസൂത്രണം- ഉദ്ഘാടനം ചെയ്തു; പ്രതിപക്ഷം വിട്ടുനിന്നു

 
തൃശൂര്‍: വികസന പദ്ധതി നിര്‍വ്വഹണത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ സമയനിഷ്ട പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസാന മാസങ്ങളില്‍ തിരക്കിട്ട് തുക ചെലവഴിച്ച് തീര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നവകേരളത്തിന് ജനകീയ ആസൂത്രണം എന്ന കര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.കെ നായനാര്‍ സര്‍ക്കാര്‍ തുടക്കമിട്ട ജനകീയാസൂത്രണത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതു ചൈതന്യം പകരുന്ന പദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് മിഷനുകളുടെയും വകുപ്പുകളുടെയും ഏകീകരത്തത്തിലുടെ വികസന പദ്ധതികള്‍ക്കുള്ള ആശയ രൂപീകരണത്തിനു വേദി തുറന്നാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. പ്രാദേശിക സര്‍ക്കാരുകള്‍ അവസാന മാസങ്ങളില്‍ പദ്ധതി തുക ചെലവഴിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് പദ്ധതി നിര്‍വ്വഹണം തുടങ്ങാനാകും വിധം വളരെ നേരത്തെ തുടങ്ങണം. ജനപങ്കാളിത്തവും സമയ നിഷ്ഠയും ഒരുമിച്ച് കൈവരിക്കണം വളരെ തിരക്കിട്ട് തീര്‍ക്കേണ്ട ഒന്നാണ് പദ്ധതി നിര്‍വ്വഹണമെന്ന ധാരണ മാറ്റിയെടുക്കണം.

പ്രാദേശിക പദ്ധതി നിര്‍വ്വഹണത്തിലെ അഴിമതിക്കെതിരെ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാനതല പദ്ധതികള്‍ക്കൊപ്പം പ്രാദേശിക പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കും. പോരായ്മകള്‍ പരിഹരിച്ച് ജനകീയാസൂത്രണം മെച്ചപ്പെടുത്താനാണ് പതിമൂന്നാം പദ്ധതി കാലത്ത് ലക്ഷ്യമിടുന്നത്. പ്രാദേശിക സര്‍ക്കാരില്‍ ഉത്തര വാദിത്തം കെട്ടി വച്ച് സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞു മാറില്ല. ഇക്കാര്യത്തില്‍ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. നോട്ട് പ്രതിസന്ധി വരള്‍ച്ച എന്നിവ മൂലം ഉണ്ടായ പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തും. കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങള്‍ നാടിന്റെ വികസന വിഷയത്തില്‍ വിലങ്ങുതടി ആകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ജനകീയാസൂത്രണ പദ്ധതികളില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടു നിന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് തുറന്ന മനസാണെന്നും പ്രതിപക്ഷവുമായി പങ്കാളിത്തം ഉറപ്പാക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. മന്ത്രിമാരായ എ.സി മൊയ്തീന്‍, തോമസ് ഐസക്, വി.എസ് സുനില്‍ കുമാര്‍, കെ.ടി ജലീല്‍, രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News