തലശേരി: ചുവപ്പ് മുണ്ടുടുത്തതിന്റെ പേരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദളിത് യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉടുമുണ്ടുരിഞ്ഞ് നഗ്നരാക്കി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെയാണ് ഉടുമുണ്ട് പറിച്ചെറിഞ്ഞ് മര്‍ദിച്ചത്. പ്രിന്‍സ് മാഹിയിലെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടുകാരന്‍ വിപിനേഷിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ വ്യാഴാഴ്ച പകല്‍ 12ന് ദേശീയപാതയില്‍ തലശേരിക്കടുത്ത തലായിയിലാണ് സംഭവം.
കുട്ടിമാക്കൂല്‍ സ്വദേശികളാണെന്ന് കണ്ടതോടെ മുപ്പതിലേറെ വരുന്ന സംഘം വാഹനം വളഞ്ഞ് യുവാക്കളെ വലിച്ചിട്ട് മര്‍ദിച്ചു. ആദ്യം ഇവരുടെ ഉടുമുണ്ട് പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിഞ്ഞു. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന് യുവാക്കള്‍ പറഞ്ഞു. ഉടുമുണ്ടില്ലാതെയാണ് ഇവരെ റോഡിലൂടെ നടത്തിച്ചത്. അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് ഏതാനും മീറ്റര്‍ അപ്പുറമുള്ള ഒരു വീട്ടിലെത്തി മുണ്ട് വാങ്ങിയാണ് നാട്ടിലെത്തിയതെന്ന് തലശേരി സഹകരണ ആശുപത്രിയില്‍ കഴിയുന്ന യുവാക്കള്‍ പറഞ്ഞു.
പട്ടികജാതി ക്ഷേമസമിതി തലശേരി ഏരിയാ സെക്രട്ടറിയും മുനിസിപ്പല്‍ തൊഴിലാളി യൂണിയന്‍ നേതാവുമായ ശശീന്ദ്രന്റെ മകനാണ് പ്രിന്‍സ്. ഓട്ടോഡ്രൈവര്‍ വിനോദന്റെ മകനാണ് അടിയേറ്റ വിപിനേഷ്. പരിക്കേറ്റ രണ്ടു പേരും തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
Get real time update about this post categories directly on your device, subscribe now.