സന്തോഷിന്റെ മരണം; അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; അക്രമികളെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല

കണ്ണൂര്‍: തലശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും അക്രമികളെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ലെന്നും കോടിയേരി വിശദമാക്കി.

സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാന്‍ ആര്‍എസ്എസ്, ബിജെപി നേതൃത്വങ്ങള്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു. കലോല്‍സവം നടക്കുന്ന പ്രദേശത്തുപോലും സംഘര്‍ഷമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ആര്‍എസ്എസെന്നും കോടിയേരി പറഞ്ഞു.

സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് അണ്ടല്ലൂര്‍ സ്വദേശികളായ രോഹിന്‍, പ്രജുല്‍, മിഥുന്‍, കമല്‍, റിജേഷ്, അജേഷ് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധമില്ലെന്ന് സിപിഐഎം പിണറായി ഏരിയ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സന്തോഷിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് നായ ചെന്നെത്തിയത് സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തനായ സുബിഷിന്റെ വീട്ടിലാണെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പി.ജയരാജന്‍ പറഞ്ഞു.

സംഭവത്തിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here