കോടതി വിധി പുല്ലാണ്, നാളെ ജല്ലിക്കെട്ടിനൊരുങ്ങി തമിഴകം; മധുരൈയിലും കോയമ്പത്തൂരിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; പ്രക്ഷോഭം അഞ്ചാംദിനത്തിലും തുടരുന്നു

ചെന്നൈ: ജല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ തമിഴ്‌നാട്ടില്‍ നാളെ ജല്ലിക്കെട്ട് നടക്കും. മധുരൈയിലെ അളങ്കനല്ലൂരില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. മധുരൈയ്ക്ക് പുറമെ കോയമ്പത്തൂരിലും ജല്ലിക്കെട്ട് നടക്കും.

രാഷ്ട്രപതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയാല്‍, കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ അത് സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടര്‍ന്ന് അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകരിക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടില്‍ വൈകിട്ടോടെ ഗവര്‍ണര്‍ ഒപ്പ് വയ്ക്കും. ഇതിനായി തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്രാ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് വൈകിട്ട് ചെന്നൈയിലെത്തും.

അതേസമയം, ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ വൈകിയാലും മധുരൈയിലും കോയമ്പത്തൂരിലും ജല്ലിക്കെട്ട് നടത്താന്‍ തന്നെയാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. കോടതി വിധിയെ വെല്ലുവിളിച്ച് മധുരൈയില്‍ ജല്ലിക്കെട്ട് നടത്തുമെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.

ചെന്നൈ മറീനാ ബീച്ചില്‍ അഞ്ചാംദിവസവും പ്രക്ഷോഭം തുടരുകയാണ്. സ്ത്രീകളും, കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് ചെന്നൈയില്‍ ഒത്തുച്ചേര്‍ന്നിരിക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ളവരെല്ലാം ഇന്ന് ഉച്ചയോടെ മറീനാ ബീച്ച് പരിസരത്ത് എത്തിയിട്ടുണ്ട്. മൃഗ സംരക്ഷണ സംഘടനയായ പെറ്റയെ നിരോധിക്കണം, ജല്ലിക്കെട്ട് തുടരണം എന്നീ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ചെന്നൈ നഗരത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here