‘ഒന്നും എന്നെ ബാധിക്കില്ല; എല്ലാം ശാന്തമായി കടന്നുപോകും’: വിവാദങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

തിരുവനന്തപുരം: വിവാദ ബ്ലോഗുകളില്‍ വിശദീകരണവുമായി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. താന്‍ തന്റെ മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നെന്നും വിമര്‍ശനങ്ങള്‍ തന്നെ യാതൊരുതരത്തിലും ബാധിക്കുന്നില്ലെന്നും മോഹന്‍ലാല്‍ വിശദീകരിക്കുന്നു.

‘ഞാന്‍ ബ്ലോഗുകള്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ പല വിഷയങ്ങളിലും ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാന്‍ എന്ന മനുഷ്യന്റെ മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍ പലരും അത് പല തരത്തിലാണ് എടുത്തത്. ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ് നില്‍ക്കുന്നത്. എങ്ങോട്ടും ചായ്‌വുകളില്ലാതെ, എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നു.’-മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

‘ചിലര്‍ എന്നെ അഭിനന്ദിക്കുന്നു. എന്നോട് കലഹിക്കുന്നു. എന്നെ ചീത്ത വിളിക്കുന്നു. അപ്പോഴും ഞാന്‍ എന്റെ ഉള്ളടകത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉറച്ച് ഒരു കാറ്റിലുമിളകാതെ ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ട് ഒന്നും എന്നെ ബാധിക്കുന്നില്ല. എല്ലാം കടന്നു പോകും. ശാന്തമായി തന്നെ.’-മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചിലപ്പോഴൊക്കെ വിമര്‍ശന വിധേയമാകുകയും ചെയ്യാറുണ്ട്. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കഴിഞ്ഞമാസമെഴുതിയ കുറിപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മദ്യശാലയ്ക്കും തിയേറ്ററുകള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ലാല്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ ‘ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്’ എന്ന പേരിലെഴുതിയ ബ്ലോഗും വിവാദത്തിലായിരുന്നു.

ബ്ലോഗുകള്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍പ്പെട്ടതോടെയാണ്, മോഹന്‍ലാല്‍ വിശദീകരണവുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News