മഹാരാജാസ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം; യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ പുറത്താക്കി; കസേര കത്തിച്ചുകൊണ്ടുള്ള സമരമുറയെ അംഗീകരിക്കില്ലെന്ന് എസ്എഫ്‌ഐ

കൊച്ചി : മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ മൂന്ന് പേരെ എസ്എഫ്‌ഐ പുറത്താക്കി. എസ്എഫ്‌ഐ മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറി വിഷ്ണു സുരേഷ്, അഫ്രീദി കെഎഫ്, പ്രജിത് കെ ബാബു എന്നിവരെയാണ് പുറത്താക്കിയത്. അപക്വ നടപടികളെ നിയന്ത്രിക്കാന്‍ തയ്യാറാകാതിരുന്ന യൂണിറ്റ് കമ്മിറ്റിയെ താക്കീത് ചെയ്യുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കസേര കത്തിച്ചുകൊണ്ടുള്ള സമര മുറയെ അംഗീകരിക്കുന്നില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എറണാകുളം മഹാരാജാസ് കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് കൊണ്ടുള്ള സമര മുറയെ എസ്എഫ്‌ഐ ഒരു രീതിയിലും അംഗീകരിക്കുന്നില്ല. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ അക്കാദമിക അക്കാദമിക ഇതര വിഷയങ്ങളില്‍ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളോട് എസ്എഫ്‌ഐ ക്ക് യോജിക്കാനാകില്ല.

വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എസ്എഫ്‌ഐ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് കൊണ്ടുള്ള സമരമുറയെ എസ്എഫ്‌ഐക്ക് ന്യായീകരിക്കാനാവില്ല. അത്തരമൊരു സമരം സംഘടിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചിരുന്നുമില്ല.

വ്യാഴാഴ്ച അധ്യാപക സംഘടന നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ക്യാമ്പസിനകത്ത് പ്രകടനം നടത്താന്‍ മാത്രമെ എസ്എഫ്‌ഐ തീരുമാനിച്ചിരുന്നുള്ളു. എന്നാല്‍ പ്രകടനത്തിന് നേതൃത്വം കൊടുത്തവരുടെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ ഇടപെലുകള്‍ മൂലം അനിഷ്ട സംഭവങ്ങളുണ്ടായി. അത് പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതിലേക്ക് വരെ എത്തി. കസേര കത്തിക്കുന്നതിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ സംഘടനാ നടപടിയെടുക്കാന്‍ ഇന്ന് ചേര്‍ന്ന എസ്എഫ്‌ഐ മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി യോഗം തീരുമാനമെടുത്തു.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിഎം ജുനൈദ്, ജോ. സെക്രട്ടറി വിഷ്ണു വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എസ്എഫ്‌ഐ നേതാക്കന്മാരായ വിഷ്ണു സുരേഷ്, അഫ്രീദി കെ എഫ്, പ്രജിത് കെ ബാബു എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. അതോടൊപ്പം അപക്വമായ രീതിയിലുള്ള നടപടികളുണ്ടായപ്പോള്‍ അത് തടയുന്നതിനൊ നിയന്ത്രിക്കാനൊ തയ്യാറാകാതിരുന്ന എസ്എഫ്‌ഐ മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയെ ശക്തമായി താക്കീത് ചെയ്യാനും എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News