ദില്ലി : ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് – സമാജ്‌വാദി പാര്‍ട്ടി സഖ്യസാധ്യതയ്ക്ക് തിരിച്ചടി. ഇരു പാര്‍ട്ടികളും കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് സഖ്യസാധ്യത അടഞ്ഞത്. നൂറിലധികം സീറ്റ് ചോദിച്ച കോണ്‍ഗ്രസ് നിലപാട് സമാജ് വാദി പാര്‍ട്ടി തള്ളിയതാണ് കാരണം. പരമാവധി 99 സീറ്റുകളേ നല്‍കാനാവൂ എന്നാണ് എസ്പി നിലപാട്.
കോണ്‍ഗ്രസിന് 88 സീറ്റ് നല്‍കാമെന്ന മുന്‍ നിലപാട് മയപ്പെടുത്തി. 99 സീറ്റുകള്‍ നല്‍കാമെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു. 110 സീറ്റാണ് ആദ്യം കോണ്‍ഗ്രസ് ചോദിച്ചത്. ഇതില്‍ 104 സീറ്റുകള്‍ എങ്കിലും കിട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ നൂറിലധികം സീറ്റുകള്‍ ചോദിക്കാന്‍ കോണ്‍ഗ്രസിന് യുപിയില്‍ എന്ത് അടിത്തറയാണ് ഉള്ളതെന്നാണ് എസ്പി നേതാക്കളുടെ ചോദ്യം.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ അഖിലേഷ് ഇനി ചര്‍ച്ചയ്ക്ക് തയ്യാറായേക്കില്ലെന്ന് സൂചനയുണ്ട്. എസ്പിയുടെ പ്രകടന പത്രിക അഖിലേഷ് യാദവ് നാളെ പുറത്തിറക്കിയേക്കും. സഖ്യസാധ്യത അടഞ്ഞതോടെ എസ്പിയുമായി ചേര്‍ന്ന് യുപിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന കണക്കുകൂട്ടലിനാണ് തിരിച്ചടിയേറ്റത്.
സീറ്റുവിഭജന ചര്‍ച്ചകളില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കണമെന്നാണ് എസ്പിയിലെ ചിലനേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പു സഖ്യചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടു പങ്കെടുക്കാത്തതില്‍ സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും അതൃപ്തിയുണ്ട്. ഇതാണ് സീറ്റ് വിഭജനം കീറാമുട്ടിയായത് എന്നാണ് സൂചന. 28 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിച്ചത്. 224 സീറ്റു നേടിയാണ് സമാജ്‌വാദി പാര്‍ട്ടി ഭരണം പിടിച്ചത്.

Get real time update about this post categories directly on your device, subscribe now.