നജീബിന്റെ തിരോധാനത്തില്‍ ആദ്യ അറസ്റ്റ്: യുപിയില്‍ നിന്ന് പിടികൂടിയത് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച യുവാവിനെ; #WhereIsNajeeb? പ്രതിഷേധം ശക്തം

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍. മോചനദ്രവ്യമായി 20 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നജീബിന്റെ വീട്ടില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ജെഎന്‍യുവിലെ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ മൂന്നു മാസം മുന്‍പാണ് കാണാതായത്. സര്‍വകലാശാല ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായതിന് പിന്നാലെ ആയിരുന്നു നജീബിന്റെ തിരോധാനം. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിവരികയാണെങ്കിലും ഇതുവരെയും ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല.

ഹോസ്റ്റല്‍ അധികൃതരുടേയും വിദ്യാര്‍ഥികളുടേയും മുന്നില്‍വച്ചായിരുന്നു സംഘമായെത്തിയ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. നജീബിനെ വകവരുത്തുമെന്ന് പറഞ്ഞാണ് അന്ന് എബിവിപിക്കാര്‍ മടങ്ങിയത്. വിദ്യാര്‍ഥികള്‍ രക്ഷപ്പെടുത്തി, റൂമിലെത്തിച്ച നജീബിനെ അന്ന് രാത്രിമുതല്‍ ആരും കണ്ടിട്ടില്ല. നജീബിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി അധികൃതര്‍ കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ല. വേര്‍ ഈസ് നജീബ് ഹാഷ് ടാഗില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇന്നും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here