തിയേറ്ററിലെ ദേശീയഗാനത്തിന് ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്രം; ‘സാധ്യമായ രീതിയില്‍ പരമാവധി ബഹുമാനം പുലര്‍ത്തണം’

ദില്ലി: ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഭിന്നശേഷിയുള്ള പൗരന്മാര്‍ സാധ്യമായ രീതിയില്‍ പരമാവധി ബഹുമാനം പുലര്‍ത്തണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. സാധ്യമായപോലെ ശരീരചലനം നിയന്ത്രിച്ച്, ഭിന്നശേഷിക്കാര്‍ ദേശീയഗാനത്തോട് ആദരവ് പുലര്‍ത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം.

കാഴ്ചയ്ക്കും കേള്‍വിക്കും വെല്ലുവിളി നേരിടുന്നവര്‍ എങ്ങനെ ദേശീയഗാനത്തെ ആദരിക്കണമെന്ന കര്‍ശനവ്യവസ്ഥകളും മാര്‍ഗനിര്‍ദേശത്തിലുണ്ട്. തിയേറ്ററുകളിലും മറ്റും ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍, ഭിന്നശേഷിയുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി മുന്‍ഉത്തരവില്‍ വ്യക്തത വരുത്തിയിരുന്നു. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് അടിസ്ഥാനമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍, കേള്‍വിക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുംവിധം സ്‌ക്രീനില്‍ ചിഹ്നഭാഷയില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. പൂര്‍ണമായും ബുദ്ധിവൈകല്യമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ല. എന്നാല്‍, അല്‍പ്പമെങ്കിലും മാനസികസൗഖ്യമുള്ളവരെ, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി എഴുന്നേറ്റ് നില്‍ക്കാന്‍ വേണ്ട പരിശീലനം നല്‍കണം. മാനസികപ്രശ്‌നമുള്ള പലര്‍ക്കും പുറമേക്ക്, പ്രശ്‌നങ്ങള്‍ കാണാനിടയില്ല. അതിനാല്‍, അനിഷ്ടസംഭവം ഒഴിവാക്കാന്‍ അധികൃതര്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്നും സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കൈമാറിയ മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പില്‍ പറയുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പ് കൈമാറി. ഫെബ്രുവരി 14ന് കേസില്‍ അടുത്തവാദം കേള്‍ക്കുമ്പോള്‍, മാര്‍ഗനിര്‍ദേശം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷം ഭിന്നശേഷിക്കാരുടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താമെന്നാണ് കോടതി നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News