ബദിയടുക്ക: ബസ് ജീവനക്കാരന്റെ അപമാനിക്കല്‍ പരിധി വിട്ടതോടെ, വ്യത്യസ്തമായി പ്രതികരിച്ച പെണ്‍കുട്ടിയാണ് ഇന്നത്തെ സോഷ്യല്‍മീഡിയ താരം. ബദിയടുക്ക ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസമാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവങ്ങള്‍ നടന്നത്.
ബദിയടുക്ക-മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനാണ് കഥയിലെ വില്ലന്‍. ഇതേ ബസിലെ യാത്രക്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ബോളിവുഡ് നടിയുടെ പേര് പറഞ്ഞ് കളിയാക്കുമായിരുന്നു. ഇതിനിടെ അസഭ്യമായ വാക്കുകള്‍ പ്രയോഗിച്ചതോടെയാണ് പെണ്‍കുട്ടി പ്രതികരിച്ചത്. ഇനി കളിയാക്കിയാല്‍ പരാതി നല്‍കുമെന്ന് പെണ്‍കുട്ടി ബസ് ജീവനക്കാരന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതോടെ ക്ഷമാപണം നടത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു.
എന്നാല്‍ മറ്റുയാത്രക്കാരുടെ മുന്നില്‍ വച്ച് വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ പരിഹസിച്ചു. ഇതോടെ അപമാനിക്കല്‍ സഹിക്കാനാവാതെ വിദ്യര്‍ഥനി ബസ് ഡ്രൈവറിന്റെ കാബിനില്‍ കയറി താക്കോല്‍ എടുത്തോടിയാണ് പ്രതികരിച്ചത്. ഇതോടെ നാട്ടുകാരും സ്ഥലത്ത് കൂടി. വൈകാതെ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ജീവനക്കാരെയും പെണ്‍കുട്ടിയെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സംഭവം കൈവിട്ടു പോകുമെന്ന് അറിഞ്ഞതോടെ, ജീവനക്കാരന്റെ പെരുമാറ്റത്തില്‍ ബസ് ഡ്രൈവറും ബസുടമയും പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയോടു ക്ഷമ ചോദിക്കുകയായിരുന്നു. മാത്രമല്ല, തന്റെ ബസില്‍ ഇയാള്‍ ഇനി ജോലിയ്ക്കുണ്ടാവില്ലെന്ന് ബസുടമ പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. കേസിന്റെ പിന്നാലെ പോകാന്‍ താല്‍പര്യമില്ലാത്തെ പെണ്‍കുട്ടി ഇതോടെ മയപ്പെടുകയായിരുന്നു. അങ്ങനെ വൈകിട്ട് നാലരയ്ക്ക് തുടങ്ങിയ തര്‍ക്കം പരിഹരിച്ചപ്പോള്‍ രാത്രി എട്ടരയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here