തിരുച്ചിറപ്പള്ളിയില്‍ 100 കാളകള്‍ പങ്കെടുത്ത ജല്ലിക്കെട്ട്; മധുരയിലെ ജല്ലിക്കെട്ട് ഉപേക്ഷിക്കാന്‍ സാധ്യത; പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയം

ചെന്നൈ: മധുരൈയിലും ചെന്നൈയിലും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ തിരുച്ചിറപ്പള്ളി പുതുപ്പെട്ടിയില്‍ ജല്ലിക്കെട്ട് നടന്നു. 100 കാളകളാണ് രാവിലെ ആറു മുതല്‍ എട്ടു മണിവരെ നടന്ന ജല്ലിക്കെട്ടില്‍ പങ്കെടുത്തത്. ആയിരക്കണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.

അതേസമയം, മധുരൈയിലെ പ്രതിഷേധക്കാരുമായി സര്‍ക്കാര്‍തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ജല്ലിക്കെട്ട് സംബന്ധിച്ച് നിയമനിര്‍മാണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഓര്‍ഡിനന്‍സ് അല്ല, ജല്ലിക്കെട്ട് നടത്തിപ്പിന് നിയമം കൊണ്ടുവരണമെന്നാണ് മധുരൈ അളകനെല്ലൂരിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് സ്ത്രീകളടക്കമുള്ളവര്‍ രാവിലെ മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

റോഡ്, ട്രെയിന്‍ ഗതാഗതങ്ങള്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധവും ശക്തമാകുകയാണ്. അളകനെല്ലൂരിലേക്കുള്ള വഴികളെല്ലാം തടസപ്പെടുത്തി കൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. ആവണിപുരത്തും പാലമേട്ടിലും ചെന്നൈ മറീനാ ബീച്ചിലും പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധം ശക്തമായാല്‍ മധുരൈയിലെ ജല്ലിക്കെട്ട് ഉപേക്ഷിക്കുമെന്നാണ് വിവരങ്ങള്‍.

അതേസമയം, വിഷയത്തില്‍ വിധി പറയുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കി. കേസില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ വിധി പറയരുതെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. നേരത്തെ, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here