ഡൊണള്‍ഡ് ട്രംപിനെപ്പറ്റി ഇപ്പോഴൊന്നും പറയുന്നില്ല; കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് കാണാന്‍ കാത്തിരിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി : യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടശേഷം പ്രതികരിക്കാം. വിവിധ പ്രശ്‌നങ്ങളെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു കാത്തിരുന്നു കാണാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഒരാള്‍ എങ്ങനെയാകുമെന്ന് നേരത്തേ വിലയിരുത്തുന്നത് ശരിയല്ല. രാഷ്ട്രീയ അരക്ഷിതാവസ്ഥ ഹിറ്റ്‌ലറെപ്പോലുള്ള ഏകാധിപതികളുടെ പിറവിക്കു കാരണമാകുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. വിദേശികള്‍ രാജ്യത്തു പ്രവേശിക്കുന്നതു തടയാന്‍ മതിലുകളും വൈദ്യുതിവേലിയും ഉപയോഗിക്കുന്നതിനെയും മാര്‍പാപ്പ വിമര്‍ശിച്ചു. സ്പാനിഷ് ദിനപത്രമായ എല്‍ പായിസിനു നല്‍കിയ അഭിമുഖത്തിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

യൂറോപ്പിലും യുഎസിലും വ്യാപകമാകുന്ന ‘പ്രീണന രാഷ്ട്രീയ’ത്തിനെതിരെയും മാര്‍പാപ്പ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. രാഷ്ട്രീയ അരക്ഷിതാവസ്ഥ അനാവശ്യ ഭയത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കും. യൂറോപ്യന്‍ പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും കൃത്യമായ ഉദാഹരണം 1933ല്‍ ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയ സംഭവമാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

തകര്‍ന്നു തരിപ്പണമായിരുന്ന ജര്‍മനിക്ക് തിരിച്ചുവരാന്‍ മികച്ചൊരു നേതാവിനെ ആവശ്യമായിരുന്നു. അങ്ങനെയാണു കരുത്തനായ യുവനേതാവെന്ന നിലയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഉദയം. ജര്‍മന്‍കാരെല്ലാം ഹിറ്റ്‌ലറിനു പിന്നില്‍ അണിനിരന്നു. ഹിറ്റ്‌ലര്‍ അധികാരം പിടിച്ചുവാങ്ങിയതല്ല. ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ്. എന്നിട്ടും അദ്ദേഹം തന്റെ ജനങ്ങളെ തകര്‍ത്തുകളഞ്ഞു. – മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here