കൊല്‍ക്കത്ത : ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വസ ജയവുമായി ഇംഗ്ലണ്ട്. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. അവസാന പന്തുവരെ നീണ്ട ഉദ്യോഗജനകമായ നിമിഷങ്ങള്‍ക്ക് ഒടുവിലാണ് ജയം ഉറപ്പിച്ചത്.
മൂന്നാം ഏകദിനത്തില്‍ തോറ്റതോടെ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യാമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മോഹം പൊലിഞ്ഞു. എങ്കിലും കോഹ് ലിയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ഏകദിന പരമ്പരയില്‍ത്തന്നെ ഇന്ത്യ ജയം നേടിയത് പുതിയ ഉണര്‍വ്വായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ നല്‍കിയ മാന്യമായ തുടക്കമാണ് മൂന്നാം മത്സരത്തിലും മുന്നൂറ് കടക്കാന്‍ സഹായിച്ചത്. ജേസണ്‍ റോയ് (65), സാം ബില്ലിംഗ്‌സ് (35), ജോണി ബെയര്‍സ്‌റ്റോ (56), ഇയന്‍ മോര്‍ഗന്‍ (43) എന്നിവരാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് 57ഉം ക്രിസ് വോക്‌സ് 34 റണ്‍സും എടുത്തു. 2 റണ്‍സെടുത്ത മൊയീന്‍ അലി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്നും രവീന്ദ്ര ജഡേജ രണ്ടും ജസ്പ്രീത് ബുംറ ഒരുവിക്കറ്റും നേടി. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 322 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് നല്‍കിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 13ല്‍ നില്‍ക്കെ ഒരു റണ്‍സെടുത്ത ഓപ്പണര്‍ അജിംക്യ രഹാനെ മടങ്ങി. 11 ലോകേഷ് രാഹുലും താമസിയാതെ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലി (55) അര്‍ദ്ധസെഞ്ച്വറി നേടി.
കഴിഞ്ഞ മത്സരത്തില്‍ തിരിച്ചുവരവ് ഗംഭീരമാക്കിയ യുവരാജ് സിംഗ് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. 57 പന്തില്‍ 45 റണ്‍സെടുത്താണ് യുവരാജ് സിംഗ് മടങ്ങിയത്. മുന്‍ നായകന്‍ എംഎസ് ധോണി 25 റണ്‍സെടുത്തു. പിന്നാലെയെത്തിയ കേദാര്‍ യാദവ് മധ്യനിരയിലെ പുത്തന്‍ താരോദയമായി. 75 പന്തില്‍ 90 റണ്‍സെടുത്ത കേദാര്‍ യാദവ് ഇന്ത്യയെ ജയത്തിന് അരികിലെത്തിച്ചാണ് മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ (55) കേദാര്‍ യാദവിന് മികച്ച പിന്തുണ നല്‍കി.
ജയിക്കാന്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടത് 16 റണ്‍സ്. കേദാര്‍ യാദവ് തന്നെയാണ് ആദ്യ പന്ത് നേരിട്ടത്. വോക്‌സിന്റെ ആദ്യ പന്ത് തന്നെ കേദാര്‍ സിക്‌സറിന് പറത്തി. രണ്ടാം പന്തില്‍ ബൗണ്ടറി. ജയിക്കാന്‍ നാല് പന്തില്‍ ആറ് റണ്‍സ്. എന്നാല്‍ പിന്നീടുള്ള രണ്ട് പന്തും കാര്യമായൊന്നും ചെയ്യാനായില്ല.
ഓവറിലെ അഞ്ചാം പന്ത് കേദാര്‍ യാദവ് സിക്‌സറിന് വേണ്ടി ഉയര്‍ത്തി അടിച്ചു. എന്നാല്‍ പന്ത് ബൗണ്ടറിക്ക് അരികെ നിന്ന ബില്ലിംഗ്‌സ് പന്ത് കൈപ്പിടിയിലൊതുക്കി. കേദാര്‍ യാദവ് പുറത്ത്. 12 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങിയ ഇന്നിംഗ്‌സിന് തിരശീല വിണു. അവസാന പന്തില്‍ വേണ്ടത് ആറ് റണ്‍സ്. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്റെ ഓഫ് സൈഡില്‍ ചലനങ്ങളില്ലാതെ പന്ത് കടന്നുപോയി. അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് റണ്‍സ് തോല്‍വി.
സ്‌കോര്‍
ഇംഗ്ലണ്ട് – 321/8
ഇന്ത്യ – 316/9

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here