കൊച്ചി: പരിസ്ഥിതി നശിക്കുന്നതിന്‍റെ യഥാര്‍ഥ കാരണം ലാഭം പരമാവധി നേടാനുള്ള മൂലധനശക്തികളുടെ ശ്രമമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഡിവൈഎഫ്ഐ പത്താം അഖിലേന്ത്യാ സമ്മേളനത്തിന്‍റെ ഭാഗമായി ആലുവയില്‍ പെരിയാറിന്‍റെ തീരത്തു സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രശ്നമെന്നാല്‍ ജീവന്‍ മരണപ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ബോധം എന്നത് കാഴ്ച്ചപ്പാടിന്റെ ഭാഗമായി രക്തത്തിൽ അലിഞ്ഞ് ചേരേണ്ട ഒന്നാണെന്നും, സമ്പൂർണ പരിസ്ഥിതി സാക്ഷരത ലക്ഷ്യം വച്ച് ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പ്രവർത്തിച്ചാൽ മാത്രമെ പരിസ്ഥിതിയെ നശിപ്പിക്കാൻ വരുന്നവർക്കെതിരെ പ്രതിരോധം തീർക്കാൻ സാധിക്കുകയുള്ളുവെന്നും എം എ ബേബി പറഞ്ഞു.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ, ജില്ലാ ഭാരവാഹികളായ അഡ്വ അരുൺകുമാർ, പ്രിൻസി കുര്യാക്കോസ്, സതീഷ് തുടങ്ങി നിരവധി പ്രമുഖർ പരിസ്ഥിതി സദസ്സിൽ സംസാരിച്ചു. പെരിയാർ നീന്തിക്കടന്ന 5 വയസ്സുകാരി നിവേദിത, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി മോണോ ആക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫൈറൂസ് അഹമദ് തുടങ്ങി നിരവധി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
Get real time update about this post categories directly on your device, subscribe now.