ചെന്നൈ: ജല്ലിക്കട്ട് അനുകൂലികളുടെ പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചു. ചെന്നൈയില്‍ ഐസ് ഹൗസ് പൊലിസ് സ്റ്റേഷനു തീയിട്ട പ്രക്ഷോഭകാരികള്‍ നടേശന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു തീയിട്ടു. മറീനയുടെ സമീപത്തു സുരക്ഷ കര്‍ശനമാക്കിയ പൊലീസ് ആരെയും പ്രദേശത്തേക്കു കടത്തിവിടുന്നില്ല. കൂടുതല്‍ യുവാക്കള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തമ്പടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ജല്ലിക്കട്ട് നിയമവിധേയമാക്കാന്‍ ഇന്നുവൈകിട്ടു പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലീസിന്‍റെ ശ്രമമാണ് സംഘര്‍ഷത്തില്‍ ലാശിച്ചത്. ചെന്നൈ മറീനാ ബീച്ചില്‍ സമരക്കാരെ ഒഴിപ്പിക്കാനായിരുന്നു പൊലീസിന്‍റെ ശ്രമം. സമരക്കാര്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതോടെ പൊലീസ് താല്‍കാലികമായി പിന്‍മാറി. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ സമരക്കാെര ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.
രാവിലെ ആറരയോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മറീനയിലെത്തിയത്. ഇതേസമയത്തു തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടപടി ആരംഭിച്ചു. തിരുത്തണി, തിരുനെല്‍വേലി, തേനി എന്നിവിടങ്ങളില്‍ പൊലീസിന്‍റെ ആവശ്യം മാനിച്ചു സമരക്കാര്‍ സമരം അവസാനിപ്പിച്ചു. എന്നാല്‍, കോയമ്പത്തൂരിലും വേലൂരിലും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. ഇവിടെയുള്ളവരെ പൊലീസ് ബലം പ്രയോഗിച്ചാണു നീക്കുന്നത്.
മധുരയിലും അളംഗാനല്ലൂരിലും സമരക്കാര്‍ പിരിഞ്ഞുപോയിട്ടില്ല. മധുരയില്‍ സെല്ലൂര്‍ പാലത്തിനു സമീപം സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇന്നു നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേയാണ് തമിഴ്നാട്ടില്‍ പലയിടങ്ങളിലും സംഘര്‍ഷം രൂപപ്പെടുന്നത്. ദിണ്ടിഗല്ലിലും കൃഷ്ണഗിരിയും സമരക്കാര്‍ ചെറുത്തുനില്‍പ് നടത്തിയെങ്കിലും പിരിഞ്ഞുപോകാന്‍ തയാറായിരുന്നു.
ഇന്നലെ പ്രത്യേക ഓര്‍ഡിനന്‍സിന്‍റെ അടിസ്ഥാനത്തില്‍ പുതുക്കോട്ടയിലും തിരുച്ചിറപ്പള്ളിയിലും ജല്ലിക്കട്ട് നടത്തിയെങ്കിലും നിയമം പാസാക്കി സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. ദേശീയഗാനം ആലപിച്ചാണ് പൊലീസ് നടപടിയെ മറീനയിലെ സമരക്കാര്‍ ചെറുത്തുനിന്നത്. സമരക്കാര്‍ കടലില്‍ ചാടുമെന്നു ഭീഷണി മുഴക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് ബലം പ്രയോഗിക്കാന്‍ മടിക്കുന്നുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ അത് സംസ്ഥാനത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നു പൊലീസ് വിലയിരുത്തുന്നു.
അഞ്ചു ലക്ഷത്തോളം പേരാണ് ജല്ലിക്കട്ടിന് നിയമം വേണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ എത്തിയിക്കുന്നത്. ജല്ലിക്കട്ട് വേണമെന്ന നിലപാടുള്ള 136 പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിന്‍റെ ഫലമായാണ് അഞ്ചുലക്ഷത്തോളം പേര്‍ മറീനയില്‍ പ്രതിഷേധവുമായി എത്തിയത്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
രാവിലെ ആറരയോടെയാണ് വന്‍ പൊലീസ് സന്നാഹം മറീനയിലെത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. സമരക്കാര്‍ ശക്തമായ ചെറുത്തുനില്‍പാണ് നടത്തുന്നത്. പ്രകോപനമുണ്ടാകാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. നിയമസഭ നിയമം പാസാക്കാതെ മറീനയില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടില്‍ തന്നെയാണ് സമരക്കാര്‍. ഇന്നു തമിഴ്നാട് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരം തുടരുന്നത് അഭികാമ്യമല്ലെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
#WATCH: Police trying to forcefully evict protesters from Chennai’s Marina Beach #Jallikattu pic.twitter.com/Zc1tVs8Dbh
— ANI (@ANI_news) January 23, 2017
ജല്ലിക്കട്ട് നടത്താന്‍ ഓര്‍ഡിനന്‍സ് പാസാക്കിയതിന്‍റെയും ഇന്നലെ പുതുക്കോട്ടയിലും തിരുച്ചിറപ്പള്ളിയിലും ജല്ലിക്കട്ട് നടത്തിയതിന്‍റെയും അടിസ്ഥാനത്തില്‍ സമരം വിജയിച്ചതിനാല്‍ പിരിഞ്ഞുപോകണമെന്നാണ് സമരക്കാരോടു പൊലീസ് ആവശ്യപ്പെട്ടത്. നിയമം പാസാക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു.
തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ മറീനയിലുണ്ട്. എന്തു പ്രതിരോധമുണ്ടായാലും ബലം പ്രയോഗിക്കരുതെന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന രീതിയില്‍ നടപടിയുണ്ടാകരുതെന്നും പൊലീസിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു സുപ്രീം കോടതിയില്‍ പെറ്റ നല്‍കി ഹര്‍ജി പരിഗണനയ്ക്കു വരുന്നുണ്ട്. ജല്ലിക്കട്ടിന് അനുമതി നല്‍കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ പ്രക്ഷോഭം അക്രമാസക്തമാകാനുള്ള സാധ്യതയുണ്ട്.
ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് പൊലീസിന്‍റെ നടപടി. സമരക്കാരെ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം രാവിലെ പൊലീസ് ഉന്നതര്‍ക്കു നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. ചെന്നൈ നഗരത്തിന്‍റെയും തമിഴ്നാടിന്‍റെയും മൊത്തത്തിലുള്ള സുരക്ഷ കണക്കിലെടുത്താണു പൊലീസിന്‍റെ നീക്കം. ജല്ലിക്കട്ട് നടത്തണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികളും ഐടി ജീവനക്കാരും അടക്കമുള്ള നിരവധി പേരാണ് മറീനയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here