ഡിവൈഎഫ്ഐ കേരളത്തിന്‍റെ മുന്നേറ്റത്തില്‍ പ്രതീക്ഷ പകരുന്നത് ഇങ്ങനെയാണ്; മാലിന്യം നിറഞ്ഞ പെരിയാര്‍ ശുചീകരിച്ച് യുവ സഖാക്കളുടെ മാതൃകാ പ്രവര്‍ത്തനം

കൊച്ചി: കേരളത്തില്‍ നിരവധി യുവജന പ്രസ്ഥാനങ്ങളുണ്ടെങ്കിലും എന്നും വേറിട്ടതും പുരോഗമാനാത്മകളും കേരളത്തിന്‍റെ മനസറിഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡിവൈഎഫ്ഐ നേതൃത്വം നല്‍കിയിട്ടുള്ളത്. മറ്റ് യുവജനപ്രസ്ഥാനങ്ങളില്‍നിന്നു ഡിവൈഎഫ്ഐയെ വ്യത്യസ്തമാക്കുന്നതും ഇത്തരം ജനപക്ഷ പ്രവര്‍ത്തനങ്ങളാണ്. അത്തരമൊരു കര്‍മചൈതന്യത്തിനാണ് ഇന്നലെ പെരിയാറിന്‍റെ തീരം സാക്ഷ്യം വഹിച്ചത്.

പെരിയാറിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ ഡിവൈഎഫ്ഐയുടെ ആയിരക്കണക്കിനു സന്നദ്ധ സേവകരാണ് കര്‍മപഥത്തിലിറങ്ങിയത്. നിരവധി സ്ത്രീകളും പെരിയാറിനെ ശുചിയാക്കാന്‍ എത്തിയിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യുവശക്തി പെരിയാറില്‍ മാലിന്യനിര്‍മാര്‍ജനം നടത്തിയത്.

പെരിയാറിലെ 10 കേന്ദ്രങ്ങളില്‍ ദൌത്യവുമായി ഞായറാഴ്ച രാവിലെമുതല്‍ ഇറങ്ങിയ വളന്റിയര്‍മാര്‍ വന്‍തോതില്‍ പ്ളാസ്റ്റിക്മാലിന്യം ശേഖരിച്ച് നീക്കംചെയ്തു. പെരിയാര്‍ ശുചീകരണയജ്ഞം നേര്യമംഗലത്ത് സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് ഉദ്ഘാടനംചെയ്തു. കണ്‍വീനര്‍ എം സ്വരാജ് എംഎല്‍എ, ആന്റണി ജോണ്‍ എംഎല്‍എ, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ്, പി എന്‍ ബാലകൃഷ്ണന്‍, ഷാജി മുഹമ്മദ്, എ എ അന്‍ഷാദ്, ഇ എ സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. 40 പേര്‍വീതം കയറുന്ന രണ്ടു വള്ളങ്ങളിലായി ചെന്നേക്കാട്ടു കടവുമുതല്‍ ആവോലിച്ചാല്‍വരെയുള്ള ആറു കിലോമീറ്ററിലെ പ്ളാസ്റ്റിക്മാലിന്യം ശേഖരിച്ച്് നീക്കംചെയ്തു.

കോതമംഗലത്ത് പ്രശസ്ത പക്ഷിസങ്കേതമായ തട്ടേക്കാടും ടൂറിസ്റ്റ്കേന്ദ്രമായ ഭൂതത്താന്‍കെട്ടിലും ശുചീകരണം നടന്നു. തട്ടേക്കാട് ക്ഷേത്രത്തിനടുത്ത് പുഴയോരത്ത് പി രാജീവ് ഇല്ലിത്തൈ നട്ടു. തട്ടേക്കാട് പ്രമുഖ പക്ഷിശാസ്ത്രജ്ഞന്‍ സുഗതന്‍ പ്ളാസ്റ്റിക്മാലിന്യശേഖരണത്തിന് തുടക്കംകുറിച്ചു. ശേഖരിച്ച പ്ളാസ്റ്റിക്മാലിന്യം സംസ്കരണത്തിനായി കോതമംഗലം ബ്ളോക്ക് പഞ്ചായത്തിന് കൈമാറി.

പെരുമ്പാവൂര്‍ ഇടവൂര്‍മുതല്‍ കാലടി പാലംവരെ നടന്ന പ്ളാസ്റ്റിക്മാലിന്യശേഖരണപരിപാടി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിജു കണ്ടക്കൈ ഉദ്ഘാടനംചെയ്തു. കാലടി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാറ്റൂര്‍ താഴത്തെ പള്ളിമുതല്‍ ഒരു കിലോമീറ്റര്‍ പെരിയാറില്‍നിന്ന് പ്ളാസ്റ്റിക്മാലിന്യം ശേഖരിച്ച് റീസൈക്ളിങ് യൂണിറ്റിന് കൈമാറി. സി കെ സലിംകുമാര്‍ ഉദ്ഘാടനംചെയ്തു. ആലങ്ങാട് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിയത്തുനാട് തടിക്കക്കടവിലും കരുമാല്ലൂരിലും പെരിയാര്‍ ശുചീകരിച്ചു. തടിക്കക്കടവില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്‍ഷുക്കൂറും കരുമാല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജുവും ഉദ്ഘാടനംചെയ്തു.

നെടുമ്പാശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയാറിലെ ചുങ്കം കടവും രണ്ടര കിലോമീറ്റര്‍ പുഴയും ശുചീകരിച്ചു. ചുങ്കം കവലയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇ പി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. കളമശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏലൂര്‍ മേത്താനത്തും പുതിയറോഡിലും പ്രവര്‍ത്തകര്‍ പെരിയാറില്‍നിന്ന് പ്ളാസ്റ്റിക്മാലിന്യവും ജൈവമാലിന്യവും നീക്കംചെയ്തു. മേത്താനത്ത് കൌണ്‍സിലര്‍ കുഞ്ഞപ്പനും പുതിയ റോഡില്‍ ബ്ളോക്ക് സെക്രട്ടറി ടി ടി രതീഷും ഉദ്ഘാടനംചെയ്തു. എറണാകുളം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ ഫെറിമുതല്‍ ചിറ്റൂര്‍ ഫെറിവരെ മൂന്നര കിലോമീറ്റര്‍ വള്ളങ്ങളില്‍ പ്ളാസ്റ്റിക്മാലിന്യം ശേഖരിച്ച് നീക്കംചെയ്തു. ചേരാനല്ലൂര്‍ ഫെറിയില്‍ കവയിത്രിയും പത്രപ്രവര്‍ത്തകയുമായ കെ വി സമുത്ര ഉദ്ഘാടനംചെയ്തു. പെരിയാര്‍ മലിനീകരണത്തെക്കുറിച്ച് തയ്യാറാക്കിയ പ്രബന്ധം അവതരിപ്പിച്ചായിരുന്നു ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here