കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) നേതാവ് കെ.എന്‍ രാമചന്ദ്രനെ കാണാതായി; സമരത്തെ അടിച്ചമര്‍ത്താന്‍ മമത ബാനര്‍ജി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയെന്നും എന്നാല്‍ ഇതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.

മമത ബാനര്‍ജി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലിന് എതിരെ സിപിഐഎംഎല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനാണ് രാമചന്ദ്രന്‍ കൊല്‍ക്കത്തയില്‍ എത്തിയത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജി സര്‍ക്കാര്‍ രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായാണ് സംശയം. എന്നാല്‍, കസ്റ്റഡിയില്‍ എടുത്തെന്ന വാര്‍ത്തകള്‍ പശ്ചിമബംഗാള്‍ പൊലീസ് തള്ളി.

ഭൂമി ഒഴിപ്പിക്കലിനിടയില്‍ കര്‍ഷകരുമായി കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. വൈദ്യുതി സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായെത്തിയ കര്‍ഷകരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ച് നേരിടുകയായിരുന്നു. ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് സിപിഐ (എംഎല്‍) റെഡ് സ്റ്റാറും എഐകെകെഎസുമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here