മോഹന്‍ലാലിനെ ചെളി വാരിയെറിയുന്നത് ഖേദകരമെന്ന് മന്ത്രി തോമസ് ഐസക്; വിയോജിപ്പുകള്‍ അറിയിക്കേണ്ടത് ബഹുമാനത്തോടെ; ‘രണ്ടാമൂഴ’ത്തിനായി കാത്തിരിക്കുന്നു

തിരുവനന്തപുരം: അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെ ചെളി വാരിയെറിയുന്നത് ഖേദകരമാണെന്ന് മന്ത്രി തോമസ് ഐസക്. വ്യക്തിനിലപാടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കണമെന്നും എങ്ങോട്ടം ചായ്‌വില്ലാത്തയാളാണ് മോഹന്‍ലാലെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് മോഹന്‍ലാലിനു സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലപാടുകള്‍ തുറന്നുപറയാനുള്ള ആര്‍ജവം മോഹന്‍ലാല്‍ കാണിച്ചിട്ടുണ്ട്. ബ്ലോഗിലൂടെ സ്വന്തം നിലപാടുകളാണു ലാല്‍ പങ്കുവെയ്ക്കുന്നത്. അതിനോടു വിയോജിപ്പുള്ളവര്‍ ഉണ്ടാകാം. നോട്ട് വിഷയത്തില്‍ തനിക്കും വ്യത്യസ്ത അഭിപ്രായമുണ്ട്. എന്നാല്‍ ബഹുമാനത്തോടെയാകണം വിയോജിപ്പ് അവതരിപ്പിക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.

മോഹന്‍ലാലിന്റെ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂയെന്നും മഹാഭാരത്തിലെ ഭീമനായി മോഹന്‍ലാല്‍ എത്തുന്ന രണ്ടാമൂഴം സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചിലപ്പോഴൊക്കെ വിമര്‍ശന വിധേയമാകുകയും ചെയ്യാറുണ്ട്. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് എഴുതിയ കുറിപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മദ്യശാലയ്ക്കും തിയേറ്ററുകള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ലാല്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായതോടെ, താന്‍ തന്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നെന്ന് പറഞ്ഞ് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. താന്‍ തന്റെ മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നെന്നും വിമര്‍ശനങ്ങള്‍ തന്നെ യാതൊരുതരത്തിലും ബാധിക്കുന്നില്ലെന്നും മോഹന്‍ലാല്‍ ഈ മാസത്തെ ബ്ലോഗിലൂടെ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News