ജല്ലിക്കട്ട് പ്രക്ഷോഭം; സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല പോംവഴിയെന്ന് യെച്ചൂരി; ബലം പ്രയോഗിച്ച് ഒതുക്കാനുളള ശ്രമം ഗുണം ചെയ്യില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് നടപടികള്‍ക്കെതിരെ സിപിഐഎമ്മും നടന്‍ കമല്‍ഹാസനും രംഗത്ത്. സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല പോംവഴിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൊലീസ് നടപടി ഗുരുതര പിഴവാണെന്നും പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് ഒതുക്കാനുളള ശ്രമം ഗുണം ചെയ്യില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം, പ്രക്ഷോഭം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തിരിഞ്ഞതോടെ സ്പീക്കര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഇന്നുവൈകിട്ട് അഞ്ചുമണിക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. ജല്ലിക്കട്ട് നിയമം പാസാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നാണ് വിവരങ്ങള്‍. രാവിലെ സഭ ചേര്‍ന്നിരുന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിനിടെ ഡിഎംകെയും കോണ്‍ഗ്രസും സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.

നിലവില്‍ പ്രക്ഷോഭം അക്രമങ്ങളിലേക്കാണ് നീങ്ങുന്നത്. ചെന്നൈയില്‍ ഐസ് ഹൗസ് പൊലിസ് സ്റ്റേഷനു തീയിട്ട പ്രക്ഷോഭകാരികള്‍ നടേശന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തീയിട്ടു. മറീനയുടെ സമീപത്തു സുരക്ഷ കര്‍ശനമാക്കിയ പൊലീസ് ആരെയും പ്രദേശത്തേക്കു കടത്തിവിടുന്നില്ല. കൂടുതല്‍ യുവാക്കള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലീസിന്റെ ശ്രമമാണ് സംഘര്‍ഷത്തില്‍ ലാശിച്ചത്. ചെന്നൈ മറീനാ ബീച്ചില്‍ സമരക്കാരെ ഒഴിപ്പിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. സമരക്കാര്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതോടെ പൊലീസ് താല്‍കാലികമായി പിന്‍മാറി. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാെര ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here