റേഷന്‍ വിഹിതം പുനസ്ഥാപിക്കാമെന്ന് മോദി ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ച പറ്റി

ദില്ലി: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കാമെന്ന് മോദി ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോദിയുടെ അനുകൂലപ്രതികരണം പ്രതീക്ഷ നല്‍കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിന് കാരണം ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതിലെ അപാകത മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കെവി തോമസിനും യുഡിഎഫ് സര്‍ക്കാരിനും വീഴ്ച പറ്റി. കേരളത്തിന് എംയിസ് പ്രഖ്യാപിക്കുന്ന കാര്യം ഈ ബജറ്റില്‍ പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം പ്രതിവര്‍ഷം തുടര്‍ന്നും കേന്ദ്രപൂളില്‍ നിന്ന് ലഭ്യമാകുന്ന സാഹചര്യമുണ്ടാക്കണം, 2000 മെട്രിക് ടണ്‍ കൂടി പഞ്ചസാര ലഭ്യമാക്കണം, മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. റേഷന്‍ വിഹിതം വെട്ടികുറച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനത്തിന്റെ പൊതുവിതരണ മേഖലയെ കാര്യമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നെന്ന പേരിലാണു കേരളത്തിനുള്ള അരി വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കേന്ദ്ര സര്‍ക്കാരിനു കീഴിലെ നീതി ആയോഗിന്റെ ശിപാര്‍ശ പ്രകാരമാണ് നിയമം നടപ്പാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ അടക്കമുള്ള ജനങ്ങള്‍ റേഷന്‍ സംവിധാനത്തില്‍നിന്നു പുറത്താവുകയും ചെയ്തു. കേന്ദ്ര പൂളില്‍നിന്നുള്ള അരി വിഹിതം വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ കേരളത്തില്‍ അരി കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കണ്ട് വിവരം ധരിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News