കല്‍ക്കരി അഴിമതി കേസില്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം; പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി

ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം. കേസില്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഒരു പ്രത്യേക സംഘം സിബിഐ ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

അന്വേഷണത്തിനുള്ള സംഘത്തെ എത്രയും വേഗം നിശ്ചയിച്ച ശേഷം അറിയിക്കാനും കോടതി സിബിഐ ഡയറക്ടര്‍ അലോക് വര്‍മയോട് നിര്‍ദേശിച്ചു. കേന്ദ്ര വിജിലന്‍സ് കമീഷനെ വിശ്വാസത്തിലെടുത്ത് വേണം അന്വേഷണം നടത്താനെന്നും ബെഞ്ച് ആവശ്യപ്പെട്ടു. അന്വേഷണം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യവും കോടതിയെ അറിയിക്കണം.

കല്‍ക്കരി അഴിമതി കേസിലെ പ്രതികളായ കമ്പനി ഉദ്യോഗസ്ഥരുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് സിന്‍ഹയ്‌ക്കെതിരായ ആരോപണം. എന്നാല്‍, തന്റെ ഓഫീസില്‍ നിരവധി ആളുകള്‍ കാണാന്‍ വരാറുണ്ടായിരുന്നെന്നും നിയമവിരുദ്ധമായി ആര്‍ക്കും ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്നുമാണ് സിന്‍ഹയുടെ വിശദീകരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here