സംഘികള്‍ പാകിസ്താനെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമാക്കും; 56 ഇഞ്ച് നെഞ്ചളവിന്റെ പൗരുഷത്തില്‍ ആര്‍ക്കും ജനങ്ങളെ ഭരിക്കാനാവില്ലെന്ന് തിരിച്ചറിയണമെന്നും സച്ചിദാനന്ദന്‍

കൊച്ചി : പാകിസ്താനെ കിസ്ഥാനെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റിയേ അടങ്ങൂ എന്ന വാശിയിലാണ് സംഘപരിവാര്‍ ശക്തികളെന്ന് കവി കെ സച്ചിദാനന്ദന്‍. തീവ്രഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ പാകിസ്ഥാനിലേക്കയക്കാനുള്ള ആവേശം കണ്ടാല്‍ ആര്‍ക്കും അങ്ങനെയെ തോന്നൂ. എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ക്കെതിരെയെല്ലാം ആര്‍എസ്എസ് ആക്രോശമുയര്‍ത്തുകയാണ് എന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു.

ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കെ സച്ചിദാനന്ദന്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, യുക്തിവാദികള്‍, സോഷ്യലിസ്റ്റുകള്‍, അക്കാദമിക് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയെല്ലാം ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ആക്രോശം ഉയരുന്നുവെന്നും സച്ചിദജാനന്ദന്‍ പറഞ്ഞു.

അന്തരിച്ച യുആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേക്ക് വിമാനടിക്കറ്റ് അയച്ചുകൊടുത്തവരാണ് സംഘപരിവാറുകാര്‍. ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, നന്ദിത ദാസ്, ഏറ്റവുമൊടുവില്‍ സംവിധായകന്‍ കമല്‍ എന്നിവര്‍ പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരാണ്. ഇന്ത്യയുടെ നട്ടെല്ല് നാനാത്വവും മതേതരത്വവുമാണ്. മഹാകാവ്യങ്ങള്‍ക്കുപോലും ആയിരക്കണക്കിന് ഭാഷാഭേദങ്ങളും ആഖ്യാനങ്ങളും ഉണ്ടായ ഭാരതത്തില്‍ അതെല്ലാം നിഷേധിച്ച് ഏക നവഹിന്ദുത്വത്തിലേക്ക് എല്ലാത്തിനെയും ക്രമപ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈ നീക്കം വര്‍ഗീയലഹളകള്‍ക്കും പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. തദ്ദേശിയമായ സാംസ്‌കാരിക ആഘോഷങ്ങളെയും അനുഷ്ഠാനങ്ങളെയും വിനോദങ്ങളെയും അടിച്ചമര്‍ത്താനുള്ള ശ്രമം നടക്കുന്നു. തമിഴ്‌നാട്ടിലെ ജല്ലിക്കട്ട് വിവാദം ഇതിന്റെ ഉദാഹരണമാണ്. ഹിന്ദുസവര്‍ണ സംസ്‌കാരം മാത്രം ഇനി ഇന്ത്യയില്‍ മതിയെന്ന് ശഠിക്കുന്നത് ശരിയല്ല. അങ്ങനെ ശഠിച്ചാല്‍ അത് ആളിക്കത്തുമെന്ന് ഭരണവര്‍ഗ പാര്‍ടിക്ക് തമിഴ്‌നാട് നല്‍കിയ സന്ദേശമാണ് ജല്ലിക്കട്ടിന് അനുകൂലമായി നടന്ന ഹര്‍ത്താലെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിപ്പിച്ചു.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ഇന്ത്യന്‍ ജനതയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂടി. എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ ആരെയൊക്കെയൊ ഭയക്കുന്നു. രാജാവ് നഗ്‌നനാണെന്നൊ, രാജാവിന്റെ കോട്ട് ലക്ഷങ്ങള്‍ വിലമതിക്കുന്നതാണെന്നൊ പറയുമെന്ന ഭയമായിരിക്കാം ഇവര്‍ക്ക്. 56 ഇഞ്ച് നെഞ്ചളവിന്റെ പൗരുഷത്തിലും സൂപ്പര്‍മാന്‍ പരിവേഷത്തിലും ആര്‍ക്കും ജനങ്ങളെ ഭരിക്കാനാവില്ലെന്ന് മോഡി തിരിച്ചറിയണമെന്നും സച്ചിദാനന്ദന്‍ വിമര്‍ശിച്ചു.

ആഗോളവല്‍ക്കരണം സംസ്‌കാരവും കലയും ഉള്‍പ്പെടെ എന്തും വ്യാപാരച്ചരക്കായാണ് കാണുന്നത്. ലോകമാകെ ഉപയോക്താക്കളുടെ ചങ്ങലയുണ്ടാക്കിയാലെ ലാഭം കൊയ്യാനാകൂ. അതിനായി രാജ്യങ്ങളുടെ നയങ്ങളും തീരുമാനങ്ങളും തിരുത്തിയെഴുതിക്കുകയാണ്. ഇതിനെല്ലാമെതിരായ പോരാട്ടത്തിന് വിശാല ഐക്യം കെട്ടിപ്പടുക്കലാകണം തൊഴിലാളി സംഘടനകളുടെ പ്രാഥമിക അജണ്ടയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here