മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ഇന്നു കൂടിക്കാ‍ഴ്ച നടത്തും; കണ്ണൂര്‍ വിമാനത്താവള പൂര്‍ത്തീകരണം, കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിംഗ് പ്രശ്നങ്ങള്‍ ചര്‍ച്ചയാകും

ദില്ലി: സംസ്ഥാനത്തിന്റെ വ്യോമയാന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച്ച നടത്തും. കണ്ണൂർ വിമാനതാവള പദ്ധതി പൂർത്തീകരണം, കോഴിക്കോട് വിമാനതാവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും, ഹജ്ജ് യാത്രാ സബ്സിഡിയും ചർച്ചയിൽ വിഷയമാകും.

ഇന്നലെ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാ‍ഴ്ചയില്‍ സംസ്ഥാനത്തിന്‍റെ ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിച്ചു നല്‍കാമെന്ന് ഉറപ്പു ലഭിച്ചിരുന്നു. അധിക ഭക്ഷ്യധാന്യവിഹിതത്തിന്റെ വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ കേരളവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണമന്ത്രി രാംവിലാസ് പസ്വാനും മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. ഭക്ഷ്യസുരക്ഷാനിയമം പാസാക്കിയപ്പോള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുന്‍ യുപിഎ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും വീഴ്ചവരുത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുവിതരണരംഗത്ത് കേരളത്തിന്റെ സവിശേഷതകളും നിലവിലുള്ള പ്രശ്നങ്ങളും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനായി. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ തൃപ്തികരമായ സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ആവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 15 ശതമാനംമാത്രം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. നാണ്യവിളകളാണ് കൂടുതലായും ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രവുമായി ചേര്‍ന്നാണ് 1966 മുതല്‍ കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം നടപ്പാക്കിയിരുന്നത്. 1997ല്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണസമ്പ്രദായം നടപ്പാക്കിയപ്പോള്‍ ചില മാറ്റമുണ്ടായി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിവര്‍ഷം 16 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അധികവിഹിതമായി കേരളത്തിന് ലഭിച്ചിരുന്നു.

കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമം പാസാക്കിയപ്പോള്‍ കേരളത്തിന്റെ പ്രത്യേകത പരിഗണിച്ചില്ല. നിയമം കൊണ്ടുവന്നത് കേരളീയനായ മന്ത്രിയായിരുന്നു. നിയമത്തില്‍ കേരളംപോലുള്ള സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ഇടതുപക്ഷ എംപിമാര്‍ ഭേദഗതികള്‍ കൊണ്ടുവന്നു. അതൊന്നും അംഗീകരിച്ചില്ല. യുഡിഎഫ് സര്‍ക്കാരും കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ നിലപാട് സ്വീകരിച്ചില്ല. നിയമം പാസായശേഷം നടപ്പാക്കേണ്ട ബാധ്യത എല്ലാ സംസ്ഥാനങ്ങള്‍ക്കുമുണ്ട്.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കാനും നടപടി എടുത്തില്ല. കേന്ദ്രം പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് വന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ കേന്ദ്രം കേരളത്തിനുള്ള അധിക ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നടപടി തുടങ്ങിയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

രണ്ടുലക്ഷം ടണ്‍ അധിക ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്നവരുടെ ദേശീയ ശരാശരി 67 ശതമാനമാണ്. കേരളത്തില്‍ ഇത് 46 ശതമാനം മാത്രം. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പ്രയോജനം ലഭിക്കുക. കേരളത്തില്‍ ബിപിഎല്‍ പട്ടികയില്‍ വരുന്ന പലരും മുന്‍ഗണന പട്ടികയിലിട്ടില്ല. ഇവര്‍ക്ക് ഭക്ഷ്യധാന്യം കിട്ടാത്തത് വിവേചനപരമാണ്.

പ്രശ്നം പരിഹരിക്കാന്‍ രണ്ടുലക്ഷം ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചാലും കിലോഗ്രാമിന് 25 രൂപവീതം നല്‍കണമെന്നാണ് ഭക്ഷ്യമന്ത്രി പാസ്വാന്‍ വ്യക്തമാക്കിയത്. 25 രൂപയ്ക്ക് അരിയെടുത്ത് കുറഞ്ഞ വിലയില്‍ നല്‍കാനുള്ള സാമ്പത്തികശേഷി സംസ്ഥാനത്തിനില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വിലയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. കേരളത്തിന് ഉറപ്പ് നല്‍കിയ എയിംസ് വരുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here