പാകിസ്താനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കാന്‍ ആര്‍എസ്എസിന് വാശിയെന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു

കൊച്ചി: ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കി പാകിസ്താനെ മാറ്റാന്‍ ആര്‍എസ്എസിനും സംഘപരിവാറിനും വാശിയാണെന്നു തോന്നുന്നതായി കവി സച്ചിദാനന്ദന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്ര ഹിന്ദുത്വ അജണ്ടയ്ക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും കലാകാരന്മാരെയുമെല്ലാം പാകിസ്ഥാനിലേക്കയക്കാനുള്ള ആവേശം കണ്ടാല്‍ ആര്‍ക്കും അങ്ങനെയാണു തോന്നുന്നതെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്. കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, യുക്തിവാദികള്‍, സോഷ്യലിസ്റ്റ്കള്‍, അക്കാദമിക് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയെല്ലാം ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ആക്രോശം ഉയരുന്നു. അന്തരിച്ച യു ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേക്ക് വിമാനടിക്കറ്റ് അയച്ചുകൊടുത്തവരാണ് സംഘപരിവാറുകാര്‍.

ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, നന്ദിത ദാസ്, ഏറ്റവുമൊടുവില്‍ സംവിധായകന്‍ കമല്‍ എന്നിവര്‍ പാകിസ്ഥാനിലേക്ക് പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരാണ്. ഇന്ത്യയുടെ നട്ടെല്ല് നാനാത്വവും മതേതരത്വവുമാണ്. മഹാകാവ്യങ്ങള്‍ക്കുപോലും ആയിരക്കണക്കിന് ഭാഷാഭേദങ്ങളും ആഖ്യാനങ്ങളും ഉണ്ടായ ഭാരതത്തില്‍ അതെല്ലാം നിഷേധിച്ച് ഏക നവഹിന്ദുത്വത്തിലേക്ക് എല്ലാത്തിനെയും ക്രമപ്പെടുത്താനാണ് നീക്കം. ഈ നീക്കം വര്‍ഗീയലഹളകള്‍ക്കും പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകും.

തദ്ദേശിയമായ സാംസ്കാരിക ആഘോഷങ്ങളെയും അനുഷ്ഠാനങ്ങളെയും വിനോദങ്ങളെയും അടിച്ചമര്‍ത്താനുള്ള ശ്രമം നടക്കുന്നു. തമിഴ്നാട്ടിലെ ജല്ലിക്കട്ട് വിവാദം ഇതിന്റെ ഉദാഹരണമാണ്. ഹിന്ദു-സവര്‍ണ സംസ്കാരം മാത്രം ഇനി ഇന്ത്യയില്‍ മതിയെന്ന് ശഠിക്കുന്നത് ശരിയല്ല. അങ്ങനെ ശഠിച്ചാല്‍ അത് ആളിക്കത്തുമെന്ന് ഭരണവര്‍ഗ പാര്‍ടിക്ക് തമിഴ്നാട് നല്‍കിയ സന്ദേശമാണ് ജല്ലിക്കട്ടിന് അനുകൂലമായി നടന്ന ഹര്‍ത്താല്‍- സച്ചിദാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here