ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഇടതു തീവ്രവാദം പരാജയപ്പെട്ടെന്ന് എ വിജയരാഘവന്‍; ഇടതു തീവ്രവാദവും വലതുപക്ഷ വ്യതിയാനവും ഇടതുപരോഗമന പ്രസ്ഥാനങ്ങളെ തളര്‍ത്തും

കൊച്ചി: ഇന്ത്യയിലെ സാധാരണക്കാരുടെയും പാവപ്പെട്ടവുടെയും ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും ഇടതു തീവ്രവാദ ആശയങ്ങളും സംഘടനകളും പരാജയമാണെന്നു തെളിഞ്ഞതായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍. ഇടതു തീവ്രവാദ പ്രസ്ഥാനങ്ങളും വലതുപക്ഷ വ്യതിയാനവും ഇടതു പുരോഗമനാശയങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി പള്ളുരുത്തിയില്‍ സംഘടിപ്പിച്ച ‘ഇടതു തീവ്രവാദവും സമകാലിക ഇന്ത്യയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദളിതരും ആദിവാസികളും ഗോത്രവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളം ദരിദ്രരുമുള്‍പ്പെടുന്നതാണ് രാജ്യത്തെ ജനഭൂരിപക്ഷം. അവര്‍ക്കായി ഗുണകരമായ രാഷ്ട്രീയ ഇടപെടല്‍ നടത്താനും തീവ്ര ഇടതുസംഘടനകള്‍ക്കായില്ല. ഇന്ത്യയില്‍ ഇടതു തീവ്രവാദവും വലതുപക്ഷ വ്യതിയാനവും ശക്തിപ്രാപിച്ചതിനാലാണ് വര്‍ഗ്ഗീയ ശക്തികളും ആഗോളമുതലാളിത്ത ശക്തികളും വേരുപിടിച്ചത്. അടിച്ചമര്‍ത്താനെത്തുന്നവന്‍ ആരെന്ന് കൃത്യമായി തിരിച്ചറിയാതെ നടത്തുന്ന പോരാട്ടങ്ങള്‍ വിപരീതഫലങ്ങളാണുണ്ടാക്കുക.

അതിതീവ്ര ഹിന്ദുത്വപാര്‍ടികള്‍ ഇന്ത്യയിലെ ബഹുജനപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണ്. ബൂര്‍ഷ്വാ പാര്‍ടികളാകട്ടെ അതിനോട് സമരസപ്പെടുകയും കീഴടങ്ങുകയുമാണ്. രാജ്യം വര്‍ഗ്ഗീയ ശക്തികള്‍ കയ്യടക്കുമ്പോള്‍ മുണ്ടൂരിക്കളിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഇവിടുത്തെ ജനജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന മണ്ടന്‍ തീരുമാനങ്ങളെ പുകഴ്ത്തിയ വലതുപക്ഷ മാധ്യമങ്ങളും പാര്‍ടികളും അതിനുത്തരം പറയേണ്ടിവരം. നിലമ്പൂര്‍ക്കാടുകളില്‍ ഒളിപ്പോര്‍ നടത്തിയല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് രാഷ്ട്രീയപാര്‍ടികള്‍ സ്വാധീനമുറപ്പിക്കേണ്ടത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ മുറിച്ചുകടക്കാന്‍ ജനങ്ങളെ സഹായിക്കുകയാണ് ഡിവൈഎഫ്ഐപോലള്ള യുവജനസംഘടനകള്‍ ചെയ്യേണ്ടതെന്ന് വിജയരാഘവന്‍ പറഞ്ഞു.

കേളവേട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍, സിപിഐ എംഎല്‍ റെഡ് ഫ്ളാഗ് ജനറല്‍ സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍, എംഎല്‍എമാരായ എം സ്വരാജ്, ജോണ്‍ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ടി വി അനിത അധ്യക്ഷയായി. ബ്ളോക്ക് സെക്രട്ടറി മിഥുന്‍ പ്രകാശ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍, പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News