ഷാരൂഖ് ഖാന്റെ സിനിമാ പ്രൊമോഷന്‍ ആരാധകന്റെ ജീവനെടുത്തു; രണ്ടു പേര്‍ക്ക് പരുക്ക്; അനുശോചനം രേഖപ്പെടുത്തി കിംഗ് ഖാന്‍; സുരക്ഷാ പാളിച്ചയെന്ന് വിശദീകരണം

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകര്‍ സൃഷ്ടിച്ച തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. റായീസ് സിനിമയുടെ പ്രചാരണാര്‍ത്ഥം വദോദര റെയില്‍വേ സ്‌റ്റേഷനില്‍ ഓഗസ്റ്റ് ക്രാന്തി രാജഥാനി എക്‌സ്പ്രസില്‍ ഷാരൂഖ് എത്തിയപ്പോഴാണ് സംഭവം. ഫര്‍ഹീദ് ഖാന്‍ ഷേറാണി എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി 10.30ന് ട്രെയിന്‍ സ്‌റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴാണ് ആരാധകര്‍ കൂട്ടത്തോടെ എത്തിയത്. തിരക്കേറിയതോടെ പൊലീസുകാര്‍ ചെറിയ രീതിയില്‍ ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ട്രെയിനിന്റെ ജനാലയില്‍ ഇടിച്ചും മറ്റുമായി ആരാധകര്‍ ബഹളമുണ്ടാക്കിയതോടെയാണ് പൊലീസ് ഇടപ്പെട്ടത്.

Shah-Rukh-khan

അല്‍പസമയത്തിനുള്ള ട്രെയിന്‍ സ്റ്റേഷനില്‍നിന്നും എടുത്തതോടെ ആരാധകരും അതിനൊപ്പം ഓടി. പ്ലാറ്റ്‌ഫോമില്‍ ഈ സമയത്തുണ്ടായ തിക്കിലും തിരക്കിലും ചിലര്‍ വീണുപോവുകയായിരുന്നു. അങ്ങനെയാണ് ഫര്‍ഹീദ് ശ്വാസംമുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, സഹോദരന്‍ യൂസഫ് പഠാന്‍ തുടങ്ങിയവരും ഷാരൂഖിനെ കാണാന്‍ സ്റ്റേഷനിലെത്തിയിരുന്നു.

അതേസമയം, സംഭവത്തില്‍ ദുഖമുണ്ടെന്ന് പറഞ്ഞ ഷാരൂഖ്, അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

നാളെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രാഹുല്‍ ദൊലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് താരസുന്ദരി മഹിറാ ഖാനാണ് നായിക. നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ഋതേഷ് സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here