നടി കല്‍പനയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും സഹോദരിയുമായ കലാരഞ്ജിനി. കഴിഞ്ഞ ജനുവരി 25ന് പുലര്‍ച്ചെയാണ് കല്‍പന ഹൈദരാബാദില്‍ വച്ച് അന്തരിച്ചത്. സംഭവദിവസം ഹൈദരബാദിലെ ഹോട്ടലില്‍ സംഭവിച്ചതിനെ കലാരഞ്ജിനി ഓര്‍ത്തെടുക്കുന്നു. (പുനപ്രസിദ്ധീകരണം)
‘എനിക്കും ഉര്‍വശിക്കുമിടയിലെ മെയിന്‍പാര്‍ട്ടാണ് ഇല്ലാതായത്. ഒരു കണ്ണി വേര്‍പെട്ടതുപോലെ. കഴിഞ്ഞ ഡിസംബറില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ചെന്നൈയില്‍ വന്നപ്പോള്‍ എനിക്കൊപ്പമാണ് താമസിച്ചത്. ചെന്നൈയില്‍ വരുമ്പോഴൊക്കെ എനിക്കൊപ്പമായിരിക്കും. ഞാനില്ലെങ്കില്‍ ഉര്‍വശിയുടെ വീട്ടില്‍. ജനുവരി 27ാം തീയതി തൃപ്പൂണിത്തുറയില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞിട്ടാണ് ഹൈദരാബാദിലേക്ക് പോയത്. പോകുന്നതിന് തൊട്ടുമുന്‍പ് അവള്‍ ഉര്‍വശിയെ വിളിച്ചു.
’27നുശേഷം നാലഞ്ചു ദിവസം ഞാന്‍ ഫ്രീയാണ്. ആ സമയത്ത് എല്ലാം മാറ്റിവച്ച് പൊന്നുണ്ണിയെയും കൂട്ടി ഇങ്ങോട്ടേക്ക് വാ. എനിക്ക് അവനൊപ്പം കുറച്ചുനാള്‍ കഴിയണം. ഉര്‍വശിയുടെ കുഞ്ഞിനെ അത്രയ്ക്കിഷ്ടമായിരുന്നു. ഇഷാന്‍ പ്രജാപതി എന്നാണ് പേര്. ഉര്‍വശിക്ക് 25ാം തീയതി തിരുവനന്തപുരത്ത് ചാനലിന്റെ ഷൂട്ടിംഗുണ്ട്. അതുകഴിഞ്ഞ് പിറ്റേ ദിവസം വീട്ടിലെത്താനായിരുന്നു അവളുടെ പ്ലാന്‍. 25ന് അതിരാവിലെ ഡ്രസ്സുമെടുത്ത് തിരുവനന്തപുരത്ത് ഫ്‌ളൈറ്റ് ഇറങ്ങിയപ്പോള്‍ ആദ്യം കേട്ടത് കല്‍പ്പനയുടെ മരണവാര്‍ത്തയാണ്.
‘തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിക്കാന്‍ പോകുമ്‌ബോള്‍ കല്‍പ്പനയ്ക്ക് കൂട്ട് ഹെയര്‍ ഡ്രസ്സര്‍ നാഗമ്മയായിരുന്നു. എണ്‍പത് വയസ്സ് കഴിഞ്ഞപ്പോള്‍ നാഗമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളായി. പിന്നീട് കലാമ്മയായി സന്തത സഹചാരി. ഹൈദരാബാദിലേക്ക് പോകുമ്‌ബോഴും അവരായിരുന്നു കൂടെയുണ്ടായിരുന്നത്. എവിടെപ്പോയാലും സഹായിയെ സ്വന്തം മുറിയിലാണ് താമസിപ്പിക്കുക. രാത്രി ഒന്‍പതു മണിക്ക് മുറിയിലെത്തിയപ്പോള്‍ ആദ്യം വിളിച്ചത് അമ്മയെയാണ്. ‘പൊടിമോള്‍ എപ്പഴാ വരുന്നത് അമ്മാ?’ മറ്റന്നാള്‍ രാവിലെ എത്തുമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം.
‘ഞാന്‍ നാളെ രാത്രിയോടെ എത്തും. മറ്റന്നാള്‍ ഒറ്റദിവസത്തെ വര്‍ക്കുണ്ട്. ഒരു മുറൈവന്ത് പാത്തായാ എന്ന സിനിമയില്‍ ഉണ്ണിമുകുന്ദനൊപ്പം. അതുകഴിഞ്ഞാല്‍ ഫ്രീയാ. നാളെ ചോറും തൈരും അവിയലും ഉണ്ടാക്കിവയ്ക്കാന്‍ ശാന്തച്ചേച്ചിയോട് പറയണം.’ എന്നുപറഞ്ഞാണ് ഫോണ്‍ വച്ചത്. എപ്പോഴും പ്രാര്‍ത്ഥിച്ചിട്ടേ ഉറങ്ങാന്‍ കിടക്കുകയുള്ളൂ. അമ്മ പഠിപ്പിച്ചുതന്ന മറ്റൊരു ശീലമാണത്. ഒന്‍പതരയ്ക്ക് 108 ത്രയംബകവും ആയിരത്തൊന്ന് തവണ നമഃശ്ശിവായയും ചൊല്ലി. മന്ത്രം കൗണ്ട് ചെയ്യാനുള്ള ഉപകരണം കൈയിലുണ്ട്. മന്ത്രം ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും അര്‍ധരാത്രി കഴിഞ്ഞു. പിന്നീട് ടി.വി ഓണ്‍ ചെയ്ത് സിനിമ കാണാനിരുന്നു. ആ സമയത്ത് കലാമ്മ ഇടപെട്ടു.’
‘അതിരാവിലെ ഷൂട്ടിംഗിന് പോകാനുള്ളതല്ലേ, വൈകി കിടന്നാല്‍ എഴുന്നേല്‍ക്കാന്‍ പറ്റില്ലാമ്മാ. നേരത്തെ ഷൂട്ട് തീര്‍ത്തിട്ടുവേണ്ടേ ഉച്ചയ്ക്ക് എയര്‍പോര്‍ട്ടിലെത്താന്‍.’ കുറച്ചുനേരം ടി.വി കണ്ടതിനുശേഷം രണ്ടുപേരും ഒരുമിച്ച് കിടന്നുറങ്ങി. കലാമ്മ പുലര്‍ച്ചെ എഴുന്നേറ്റ് ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം നാല് പത്തൊമ്പത്. ബാത്ത്‌റൂമിന്റെ ഡോര്‍ തുറന്നപ്പോള്‍ കല്‍പ്പനയുടെ ചോദ്യം എന്നാ കലാമ്മാ? ബാത്ത്‌റൂമില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍, കതകടയ്ക്ക് അല്ലെങ്കില്‍ എ.സി. പോകും എന്ന മറുപടി. ഏറ്റവുമൊടുവില്‍ പറഞ്ഞത് ഈ വാക്കുകളാണ്. ബാത്ത്‌റൂമില്‍ പോയി വന്നതിനുശേഷം കലാമ്മ വീണ്ടും കല്‍പ്പനയ്‌ക്കൊപ്പം കിടന്നു. ആ സമയത്ത് ചെരിഞ്ഞുകിടക്കുകയായിരുന്നു കല്‍പ്പന. രാവിലെ അലാറം വച്ച് കലാമ്മ എഴുന്നേറ്റു.’
‘അപ്പോഴും കിടപ്പിന്റെ സ്വഭാവം മാറിയിട്ടില്ല. റെഡിയായശേഷം വിളിക്കാമെന്ന് കരുതി അവര്‍ കുളിക്കാന്‍ കയറി. അതുകഴിഞ്ഞ് ചായയുണ്ടാക്കിയ ശേഷം കല്‍പ്പനയെ വിളിച്ചു. അനക്കമില്ല. ശരീരം തണുത്തുറഞ്ഞിരിക്കുന്നു. എന്തോ പന്തികേട് തോന്നിയ കലാമ്മ ഉച്ചത്തില്‍ നിലവിളിച്ചു. ഉടന്‍തന്നെ ഹോട്ടലിലെ ജീവനക്കാര്‍ ഓടിയെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെതന്നെ മരിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here