പ്രതികരിച്ചാല്‍ മോദിയും മമതയും ഒരു പോലെ; ഇന്റലിജന്‍സിന്റേത് നഗ്നമായ ഫാസിസ്റ്റ് നടപടിയെന്ന് കെ.എന്‍ രാമചന്ദ്രന്‍; പോരാട്ടങ്ങള്‍ തുടരും

ദില്ലി: സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ തന്നെ തട്ടിക്കൊണ്ടു പോയത് നഗ്നമായ ഫാസിസ്റ്റ് നടപടിയാണെന്ന് സിപിഐഎഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍. ബംഗാളിലെ ഭാംഗറില്‍ പവര്‍ഗ്രിഡ് നിര്‍മാണത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദേഹം അറിയിച്ചു.

ജനുവരി 22ന് വൈകീട്ട് അഞ്ചിന് കൊല്‍ക്കത്തയിലെത്തിയ താന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് പോകുമ്പോള്‍ ആറുപേര്‍ ചേര്‍ന്ന് മുഖവും കണ്ണും കെട്ടി കൊണ്ടുപോകുകയായിരുന്നെന്ന് കെ.എന്‍ രാമചന്ദ്രന്‍ പറയുന്നു. ഇന്റലിജന്‍സില്‍ നിന്നാണെന്നും മുതിര്‍ന്ന ഓഫീസര്‍മാരെ കാണാന്‍ കൊണ്ടു പോകുകയുമാണെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഒരു മണിക്കൂറോളം സഞ്ചരിച്ച ശേഷം ഏതോ ഒരു സ്ഥലത്തെത്തി. അവിടെവച്ച് വിനോദ് എന്ന് സ്വയം പരിചയപ്പെടുത്തിയ മലയാളി ഓഫീസര്‍ തന്നെ ചോദ്യം ചെയ്‌തെന്നും അദേഹം പറയുന്നു. ദില്ലില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് പിടികൂടിയതെന്നും ഭാവികാര്യങ്ങള്‍ നാളെ മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും ഇയാള്‍ പറഞ്ഞു.

വീട്ടിലേക്ക് വിളിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. 23-ാം തീയതി ഉച്ചയ്ക്ക് കണ്ണുകെട്ടി വീണ്ടും അവര്‍ കൊണ്ടുപോയി. മൂന്നു മണിക്കൂറിന് ശേഷം ബംഗാളിലെ മുതിര്‍ന്ന ഐ.ബി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാള്‍ ദില്ലിയിലേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. തന്നെ പുറത്താക്കാന്‍ എന്തധികാരമാണുള്ളതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് മറുപടിയൊന്നും ഉണ്ടായില്ലെന്നും കെ.എന്‍ രാമചന്ദ്രന്‍ പറയുന്നു. ഇതിന് ശേഷം തന്നെ ദുര്‍ഗാപൂര്‍ സ്റ്റേഷനിലെത്തിച്ച് തെറ്റായ ടിക്കറ്റും തന്ന് ദില്ലിയിലേക്കുള്ള രാജധാനിയില്‍ കയറ്റിവിടുകയായിരുന്നെന്നും അദേഹം പറഞ്ഞു. കൈവശമുണ്ടായിരുന്ന 3000 രൂപയും മൊബൈല്‍ ഫോണും അവര്‍ പിടിച്ചെടുത്തെന്നും രാമചന്ദ്രന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരും ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരും ചേര്‍ന്നുള്ള നീക്കമാണ് തന്റെ തട്ടിക്കൊണ്ടുപോകലിനുപിന്നിലെന്നും രാമചന്ദ്രന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here