തിരുവിതാംകൂര്‍ ദേവസ്വം കമീഷണര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; തീരുമാനം വെള്ളായണി ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടിന്കൂട്ടുനിന്നെന്ന പരാതിയില്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ രാമരാജ പ്രേമപ്രസാദിനെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം, വെള്ളായണി ക്ഷേത്രത്തിലെ അഴിമതികള്‍ സംബന്ധിച്ച പരാതിയില്‍ പ്രത്യേക വിജിലന്‍സ് കോടതിയാണ് ത്വരിതപരിശോധനക്ക് ഉത്തരവിട്ടത്. ക്ഷേത്രത്തില്‍ കോടികളുടെ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടായിട്ടും ദേവസ്വം കമീഷണര്‍ നടപടിയെടുത്തില്ലെന്ന് പരാതിയില്‍ പറയുന്നു.

2013-2015 കാലയളവില്‍ ക്ഷേത്രത്തില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകളാണ് നടന്നത്. ക്ഷേത്രോപദേശക സമിതിയുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. എന്നാല്‍ ക്രമക്കേടുകള്‍ അറിഞ്ഞിട്ടും ദേവസ്വം കമീഷണര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ അജയകുമാറാണ് കോടതിയെ സമീപിച്ചത്.

തങ്കതിരുമുടി പുതുക്കി പണിതതിലും അതിനായുള്ള പണപ്പിരിവിലും മാത്രം ലക്ഷങ്ങളുടെ ക്രമക്കേട് നടന്നു. പുതിയ തങ്കതിരുമുടിക്കായി പഴയത് ഉരുക്കിയിരിന്നു. പുറമേ ഒന്നേകാല്‍ കിലോയിലധികം സ്വര്‍ണം സംഭാവനയായി ശേഖരിക്കുകയും ചെയ്തു. എന്നിട്ടും പുതുക്കിപണിത തങ്കതിരുമുടിക്ക് നേരത്തെയുണ്ടായിരുന്നതിന്റെ അത്രപോലും ഭാരമില്ല. ക്ഷേത്രത്തിലെ മറ്റ് ഉത്സവങ്ങളുടെ നടത്തിപ്പിലും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു. പിരിവുകളുടെ രസീതുകള്‍ മുഴുവനായി ഓഡിറ്റ് സംഘത്തിനുമുന്നില്‍ ഹാജരാക്കാനും ക്ഷേത്രോപദേശക സമിതി തയ്യാറായില്ല. അതിനാല്‍ പൂര്‍ണ്ണമായ കണക്കുകള്‍ വിലയിരുത്താനുമായിട്ടില്ല.

ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന കമീഷണര്‍ ക്ഷേത്രോപദേശക സമിതിയുടെ കാലാവധി നീട്ടിനല്‍കിയതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ത്വരിതപരിശോധന നടത്താന്‍ കഴിഞ്ഞ19നാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News