ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് വിഎസ്; വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായം; അഭിവാദ്യങ്ങളുമായി വിഎസ് എസ്എഫ്‌ഐ സമരപ്പന്തലില്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും ആവശ്യത്തിലധികം ഭൂമി ലോ അക്കാദമിയുടെ പക്കലുണ്ടെന്നും വിഎസ് പറഞ്ഞു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും വിഎസ് പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാല് മണിക്കാണ് ചര്‍ച്ച. വിദ്യാര്‍ത്ഥി സമരം 16 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളുമായാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. തുടര്‍ന്ന് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എസ്എഫ്‌ഐ, കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥിസംഘടനകളാണ് കോളജിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്. അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തും നല്‍കി. സമരം പരിഹരിക്കാനന്‍ ഇടപെടണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇക്കാര്യം പരിഗണിച്ചാണ് സമരത്തില്‍ ഇടപെടുമെന്നും സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ആയ ഡോ. ലക്ഷ്മി നായര്‍ രാജിവെയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഡനം, ജാതി പറഞ്ഞ് ആക്ഷേപം അടക്കമുള്ള വിഷയങ്ങളും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നു. ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ വിദ്യാര്‍ത്ഥി സമരത്തിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ശക്തമായതോടെ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. വിഷയത്തില്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഉള്‍പ്പടെ നേരിട്ട് ഉപസമിതി തെളിവെടുത്തു. ഗുരുതരമായ പരാതികളാണ് വിദ്യാര്‍ത്ഥികല്‍ സിന്‍ഡിക്കറ്റ് ഉപസമിതി മുമ്പാകെ ഉന്നയിച്ചത്. തെളിവെടുപ്പിന് ശേഷം സമിതി സര്‍വകലാശാല സിന്‍ഡിക്കറ്റിന് റിപ്പോര്‍ട്ട് നല്‍കും. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി പീഡനം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം 28ന് പ്രത്യേക സിന്‍ഡിക്കറ്റ് യോഗം ചേരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News