ദില്ലി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംപി വിനയ് കട്യാർ. പ്രിയങ്ക ഗാന്ധിയേക്കാൾ സുന്ദരിയായ പെണ്ണുങ്ങൾ ബിജെപിയിലുണ്ടെന്നായിരുന്നു കട്യാറുടെ വാക്കുകൾ. സംഭവം വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് കട്യാറിന്. അതേസമയം കട്യാറുടെ പരാമർശത്തെ ചിരിച്ചുകൊണ്ടാണ് പ്രിയങ്ക നേരിട്ടത്. ബിജെപിയുടെ മനോനിലയാണ് ഇതിലൂടെ വ്യക്തമായതെന്നു പ്രിയങ്ക പറഞ്ഞു.
ബിജെപിയുടെ ഉത്തർപ്രദേശ് മുൻ അധ്യക്ഷനും രാജ്യസഭാംഗവുമാണ് വിനയ് കട്യാർ. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ പ്രചാരകയായി പ്രിയങ്ക ഗാന്ധിയെ ഇറക്കുമെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു കട്യാർ. ‘ജനങ്ങൾ പറയുന്നതു പോലെ അത്ര സുന്ദരിയൊന്നുമല്ല പ്രിയങ്ക. അതിലും ചന്തമുള്ള പെണ്ണുങ്ങൾ ബിജെപിയിലുണ്ട്. പ്രിയങ്കയേക്കൾ എത്ര സുന്ദരിയാണ് സ്മൃതി ഇറാനി. അവർ പോകുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണ്. പ്രിയങ്കയേക്കാൾ മികച്ച പ്രാസംഗിക കൂടിയാണ് സ്മൃതി’ എന്നും കട്യാർ പറഞ്ഞു.
ചിരിയോടെയാണ് പ്രിയങ്ക ഗാന്ധി, കട്യാറുടെ വാക്കുകളെ നേരിട്ടത്. സ്ത്രീകളെ ഏതുരീതിയിലാണ് ബിജെപിക്കാർ കാണുന്നതെന്ന ബിജെപിയുടെ മനോനിലയാണ് ഇതു വ്യക്തമാക്കുന്നതെന്നു പ്രിയങ്ക പറഞ്ഞു. ശക്തരും ധൈര്യശാലികളുമായ മറ്റു സ്ത്രീകളെ കുറിച്ചും ഇതുതന്നെയാണ് അദ്ദേഹത്തിന്റെ നിലപാട് എങ്കിൽ താൻ ഇനിയും ചിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
സംഭവം വിവാദമായതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രമുഖരുടെ പട്ടികയിൽ നിന്നും കട്യാറെ ഒഴിവാക്കിയിട്ടുണ്ട്. ബജ്‌രംഗ് ദൾ സ്ഥാപക പ്രസിഡന്റ് കൂടിയാണ് കട്യാർ.

Get real time update about this post categories directly on your device, subscribe now.