എന്നെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ എന്നു ശ്രീശാന്ത്; കോടതി കുറ്റവിമുക്തനാക്കിയിട്ടും അനുവദിക്കാത്തത് ദൗർഭാഗ്യകരം

കൊച്ചി: ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ട്വിറ്ററിലാണ് ശ്രീശാന്തിനെ പ്രതികരണം. തനിക്കു കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അനുമതി നൽകാത്ത ബിസിസിഐ നിലപാടിനെതിരെയാണ് ശ്രീശാന്ത് രംഗത്തെത്തിയത്. കോടതി കുറ്റവിമുക്തനാക്കിയിട്ടും കളിക്കാൻ അനുമതി നൽകാത്തത് ദൗർഭാഗ്യകരമാണെന്നു ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. പോരാട്ടം തുടരുമെന്നും ഒരുദിവസം താൻ വീണ്ടും ക്രിക്കറ്റ് കളിക്കുമെന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്രിക്കറ്റ് കളിക്കാനായി കഠിനാധ്വാനം തുടരുമെന്നു ശ്രീശാന്ത് പറഞ്ഞു. എന്നാൽ തന്നെ വിലക്കിയതായി ബിസിസിഐയിൽ നിന്ന് ഇതുവരെ തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഒരു മെയിലോ അല്ലെങ്കിൽ കത്തിന്റെ രൂപത്തിലോ നിരോധനത്തിന്റെ വിവരം ബിസിസിഐ തന്നെ അറിയിച്ചിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷനെയോ തന്റെ ജില്ലാ അസോസിയേഷനെയോ ചുരുങ്ങിയ പക്ഷം തന്റെ ക്ലബിനെ പോലും ബിസിസിഐ അറിയിച്ചിട്ടില്ലെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

തനിക്കു തന്റെ എല്ലാ കഴിവും വച്ച് ക്രിക്കറ്റ് കളിക്കണം. പക്ഷേ കോടതി കുറ്റവിമുക്തനാക്കിയിട്ടും തന്നെ കളിക്കുന്നതിൽ നിന്ന് വിലക്കുകയാണ്. എന്നെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ എന്ന അപേക്ഷയോടെയാണ് ശ്രീശാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കളിക്കളത്തിലേക്കു തിരിച്ചുവരാനുള്ള ശ്രീശാന്തിന്റെ മോഹങ്ങൾക്ക് തിരിച്ചടിയേകി സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളിയിരുന്നു. കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി അധ്യക്ഷനായ സമിതിയാണ് അപേക്ഷ തള്ളിയിരുന്നത്. ടീം ഫൈവ് എന്ന ചിത്രത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രൊമോഷനിടെ സ്‌കോട്ടിഷ് ലീഗിൽ കളിക്കുന്നതിനെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പിലാണെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു ബിസിസിഐ എൻഒസി നിഷേധിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here